ഉമ്മന്‍‌ചാണ്ടിയുടെ രാജി കോണ്‍ഗ്രസും അംഗീകരിച്ചുവെന്ന് പിണറായി

Webdunia
തിങ്കള്‍, 5 ഓഗസ്റ്റ് 2013 (13:48 IST)
PRO
PRO
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യം പരോക്ഷമായി കോണ്‍ഗ്രസ്സ് നേതൃത്വവും അംഗീകരിച്ചതായി സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഉമ്മന്‍ചാണ്ടിക്ക് സന്ദര്‍ശനാനുമതിപോലും സോണിയാഗാന്ധി നല്‍കാത്തതും ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലേയ്ക്കില്ല എന്ന കെപിസിസി പ്രസിഡന്‍റിന്റെ പ്രഖ്യാപനവും ഇതിന്റെ സൂചനയാണ്.

എല്‍ഡിഎഫിന്റെ അനിശ്ചിതകാല സെക്രട്ടേറിയറ്റ് ഉപരോധത്തിന് മുന്നോടിയായി ജി സുധാകരന്‍ എംഎല്‍എ നയിക്കുന്ന ആലപ്പുഴ ജില്ലാസമര പ്രചാരണജാഥ ചേര്‍ത്തലയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്വന്തം പാര്‍ട്ടി നേതൃത്വത്തിനുപോലും വിശ്വാസമില്ലാത്ത ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി കസേരയില്‍ കടിച്ചുതൂങ്ങുകയാണ്. ഏതുവിദ്യ പ്രയോഗിച്ചും സ്ഥാനം നിലനിര്‍ത്താനാണ് ഉമ്മന്‍ചാണ്ടിയുടെ നീക്കമെന്നും പിണറായി പറഞ്ഞു.

സോളാര്‍ തട്ടിപ്പിനേക്കാള്‍ വലിയ അട്ടിമറിയാണ് സരിതാനായരുടെ മൊഴിമാറ്റത്തിന് പിന്നില്‍ ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരും ഭരണ രാഷ്ട്രീയ നേതൃത്വവും നടത്തിയത്. കോടികള്‍കൊണ്ട് മൂടിയപ്പോഴാണ് 24 പേജുള്ള ഞെട്ടിപ്പിക്കുന്ന മൊഴി നാലുപേജായി ചുരുങ്ങിയതെന്നും പിണറായി ആരോപിച്ചു.