ഉമ്മന്‍‌ചാണ്ടിക്ക് കാണ്ടാമൃഗത്തെ വെല്ലുന്ന തൊലിക്കട്ടി, ഇനി ഉമ്മന്‍‌ചാണ്ടിയുടെ ഒരു വാദവും നിലനില്‍ക്കില്ല, മുഖ്യമന്ത്രിസ്ഥാനത്ത് തുടരുന്നത് ജനങ്ങളോടുള്ള വെല്ലുവിളി: കോടിയേരി

തിങ്കള്‍, 1 ഫെബ്രുവരി 2016 (17:00 IST)
കാണ്ടാമൃഗത്തെ വെല്ലുന്ന തൊലിക്കട്ടിയാണ് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിക്കെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അതുകൊണ്ടാണ് ഉമ്മന്‍‌ചാണ്ടി മുഖ്യമന്ത്രിസ്ഥാനത്ത് കടിച്ചുതൂങ്ങുന്നതെന്നും കോടിയേരി.
 
സരിത സോളാര്‍ കമ്മിഷനില്‍ നല്‍കിയ പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഉമ്മന്‍‌ചാണ്ടിയുടെ വാദഗതികളൊന്നും നിലനില്‍ക്കില്ല. ഉമ്മന്‍‌ചാണ്ടി സോളാര്‍ കമ്മിഷനില്‍ നല്‍കിയ മൊഴി പച്ചക്കള്ളമായിരുന്നു. സരിതയുമായി മുഖ്യമന്ത്രി നിരവധി തവണ ബന്ധപ്പെട്ടിട്ടുണ്ടെന്നും എല്ലാ സഹായവും ടീം സോളാറിന് നല്‍കിയിട്ടുണ്ടെന്നും തെളിവുകള്‍ വ്യക്തമാക്കുന്നു. മുഖ്യമന്ത്രി അറിഞ്ഞിട്ടാണ് തമ്പാനൂര്‍ രവിയും ബെന്നി ബെഹനാനും ബന്ധപ്പെട്ടതെന്നാണ് തെളിവുകള്‍ പറയുന്നത്. ഇനിയും മുഖ്യമന്ത്രി സ്ഥാനത്ത് ഉമ്മന്‍‌ചാണ്ടി തുടരുന്നത് കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ് - കോടിയേരി പറഞ്ഞു.
 
കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് വഴക്കുകള്‍ക്കുവരെ സരിതയെ ഉപയോഗിച്ചു എന്നാണ് വ്യക്തമാകുന്നത്. കണ്ണൂര്‍ എംഎല്‍എ എ പി അബ്‌ദുള്ളക്കുട്ടിക്കെതിരെ മൊഴികൊടുക്കണമെന്നും 164 സ്റ്റേറ്റുമെന്‍റ് നല്‍കണമെന്നും തമ്പാനൂര്‍ രവി നിര്‍ദ്ദേശിച്ചെന്നും പിന്നീട് അതുവേണ്ടെന്ന് ബെന്നി ബഹനാന്‍ പറഞ്ഞു എന്നുമാണ് സരിത വെളിപ്പെടുത്തിയത്. അബ്ദുള്ളക്കുട്ടിയുടെ സംരക്ഷണം ഉമ്മന്‍‌ചാണ്ടി ഏറ്റെടുത്തതോടെയാണ് ബെന്നി അങ്ങനെ പറഞ്ഞതെന്നും കോടിയേരി ആരോപിച്ചു.

വെബ്ദുനിയ വായിക്കുക