ഉപാധികള്‍ വെച്ചിട്ടല്ല നാവികരെ തിരികെയെത്തിച്ചത്: ഉമ്മന്‍‌ചാണ്ടി

Webdunia
ശനി, 23 മാര്‍ച്ച് 2013 (14:39 IST)
PRO
PRO
ഉപാധികളൊന്നും ഇല്ലാതെയാണ് ഇറ്റാലിയന്‍ നാവികരെ തിരികെയെത്തിച്ചതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിക്കില്ലെന്ന പദപ്രയോഗത്തിന്റെ പേരിലുള്ള വ്യാഖ്യാനങ്ങളാണിതെന്നും അദ്ദേഹം പറഞ്ഞു. നാവികരുടെ സ്വതന്ത്ര വിചാരണക്ക് തടസ്സമുണ്ടാകില്ലെന്നും എല്ലാവര്‍ക്കും നീതി ലഭിക്കുമെന്ന പ്രതീക്ഷയാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു

നാവികര്‍ക്ക് വധശിക്ഷ നല്‍കില്ലെന്ന് ഉറപ്പുനല്‍കിയതായി വിദേശകാര്യസഹമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞത് വിവാദമായിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേസില്‍ മാസിമിലൈനോ ലാത്തോര്‍, സാല്‍വത്തോര്‍ ഗിറോണ്‍ എന്നീ നാവികര്‍ക്ക് വധശിക്ഷ വിധിക്കില്ലെന്ന് ഇന്ത്യ ഉറപ്പുനല്‍കിയിട്ടുണ്ടെന്നാണ് വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പാര്‍ലമെന്റില്‍ വ്യക്തമാക്കിയത്.

മാത്രമല്ല, കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വമല്ലെന്നും ഖുര്‍ഷിദ് ചൂണ്ടിക്കാട്ടി. നാവികരുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാമെന്ന് ഇന്ത്യ ഇറ്റലിക്ക് ഉറപ്പ് നല്‍കിയിട്ടുമുണ്ട്.

വോട്ടു ചെയ്യാനായി സുപ്രീംകോടതിയുടെ അനുമതിയോടെ ഇറ്റാലിയിലേക്ക് പോയ നാവികര്‍ തിരിച്ചെത്തില്ലെന്ന വിവരം നയതന്ത്രതലത്തില്‍ തന്നെ പ്രതിസന്ധികള്‍ സൃഷ്ടിച്ചിരുന്നു. നാവികര്‍ ഇന്ത്യയില്‍ തിരിച്ചെത്താന്‍ സുപ്രീംകോടതി അനുവദിച്ച സമയപരിധി വെള്ളിയാഴ്ച അവസാനിക്കാനിരിക്കെയാണ് അവരെ തിരിച്ചയക്കാന്‍ ഇറ്റലി തീരുമാനമെടുത്തത്.

രാജ്യാന്തര തലത്തില്‍ ഇന്ത്യ നടത്തിയ സമ്മര്‍ദ്ദങ്ങളും ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിന്റെ കര്‍ശനമായ മുന്നറിയിപ്പും മൂലമാണ് ഇറ്റലി കീഴടങ്ങാന്‍ തയ്യാറായത്.