ഇനിയും കോടതിയില്‍ കയറ്റരുതെന്ന് വിതുര പെണ്‍കുട്ടി

ചൊവ്വ, 5 ഫെബ്രുവരി 2013 (21:15 IST)
PRO
PRO
ഇനിയും കോടതിയില്‍ കയറ്റരുതെന്ന് വിതുര പെണ്‍കുട്ടി. വിചാരണയിലേക്ക് ഇനി വലിച്ചിഴയ്ക്കരുതെന്ന് കാട്ടി വിതുര കേസിലെ പെണ്‍കുട്ടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കത്തയച്ചു. 16 വയസ്സുള്ളപ്പോള്‍ നിരന്തര പീഡനത്തിന് വിധേയയായ തനിക്ക് 17 വര്‍ഷമായി നീതി ലഭിച്ചില്ല.

ഇനി കേസ് നടന്നാലും പ്രതികള്‍ അപ്പീല്‍ പോകും, നിയമ നടപടികള്‍ നീണ്ടു പോകും . ഇത് തന്റെ പെണ്‍കുഞ്ഞിന്റെ ഭാവി നഷ്ടപ്പെടുത്തുമെന്നും പീഡനനത്തിനിരയായ പെണ്‍കുട്ടി കത്തില്‍ പറയുന്നു. ഇനി കേസ് വേണ്ട, നഷ്ടപരിഹാരവും വേണ്ട എന്നും കത്തില്‍ വ്യക്തമാക്കുന്നു. കോടതികയറാനിടവരാതെ മുഖ്യമന്ത്രി രക്ഷിക്കണമെന്ന് കത്തില്‍ ആവര്‍ത്തിച്ച് അഭ്യര്‍ത്ഥനയുണ്ട്.

എഡിജിപി ടിപി സെന്‍കുമാര്‍, സുഗതകുമാരി എന്നിവര്‍ തന്നെ സഹായിച്ചകാര്യവും പെണ്‍കുട്ടി പറയുന്നു. വീണ്ടും കോടതിയെ സമീപിക്കാന്‍ ആവശ്യപ്പെട്ടാല്‍ ആത്മഹത്യചെയ്യുമെന്നും വിതുര പെണ്‍കുട്ടി പറയുന്നു. ഒരുപാട് മനസ്സ് വേദനിച്ചിട്ടാണ് ഇത്തരം ഒരു കത്തെഴുതുന്നതെന്നും തന്റെ അവസ്ഥ മനസ്സിലാക്കണമെന്നും പെണ്‍കുട്ടി വ്യക്തമാക്കുന്നു.

വിതുര പെണ്‍വാണിഭ കേസില്‍ നടന്‍ ജഗതി ശ്രീകുമാറിനെയും കേസിലെ രണ്ടാം പ്രതിയായ തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശി ശോഭയെയും വെറുതേ വിട്ടിരുന്നു. 1995 നവമ്പര്‍ ഏഴിന് എറണാകുളത്തെ സ്വകാര്യ ഹോട്ടലില്‍ വച്ച് വിതൂര സ്വദേശിയായ പെണ്‍കുട്ടിയെ ജഗതി ശ്രീകുമാര്‍ മാനഭംഗപ്പെടുത്തിയെന്നായിരുന്നു കേസ്. ഈ കാലഘട്ടത്തില്‍ ആറു മാസത്തോളം തുടര്‍ച്ചയായി പെണ്‍കുട്ടി പീഡനത്തിന് വിധേയമായി.

വെബ്ദുനിയ വായിക്കുക