ഇനിമുതല്‍ തിരക്കുള്ള സമയത്ത് സംസ്ഥാനത്തെ നിരത്തുകളില്‍ വാഹനപരിശോധന ഉണ്ടാകില്ല. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്. തൃശൂരില്‍ വാഹനപരിശോധനയ്ക്കിടെ ഉണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിക്കാനിടയായ സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.
തിരക്കുള്ള സമയത്ത് സംസ്ഥാനത്തെ റോഡുകളില്‍ വാഹനപരിശോധന ഒഴിവാക്കും. ഇതുസംബന്ധിച്ച് പൊലീസിന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട് - ചെന്നിത്തല പറഞ്ഞു.
വെള്ളിയാഴ്ച രാവിലെ തൃശൂര്‍ - പാലക്കാട് ദേശീയപാതയില്‍ പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെ ബൈക്കില്‍ നിന്നും തെറിച്ചുവീണ അമ്മയും കുഞ്ഞും കെ എസ് ആര്‍ ടി സി ബസ് കയറി മരിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനു പോലും നില്‍ക്കാതെ പൊലീസ് സംഘം പരിശോധന അവസാനിപ്പിച്ച് പോയതായി പരാതി ഉയര്‍ന്നു.
മാത്രമല്ല, സ്ഥിരം അപകട മേഖലയായ ഈ റോഡില്‍ തിരക്കുള്ള സമയത്ത് നടത്തുന്ന വാഹന പരിശോധനയ്ക്കെതിരെയും ശക്തമായ പ്രതിഷേധമാണ് നാട്ടുകാരുടെ ഭാഗത്തുനിന്നുണ്ടായത്. ഇതാണ്, തിരക്കുള്ള സമയത്ത് വാഹനപരിശോധന പാടില്ല എന്ന് കര്‍ശനനിര്‍ദ്ദേശം നല്‍കാന്‍ ആഭ്യന്തരമന്ത്രിയെ പ്രേരിപ്പിച്ചത്.