ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം സംബന്ധിച്ചു ചര്‍ച്ച ചെയ്യാനായി ഇടതുമുന്നണിയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. പൊന്നാനി ലോക്സഭാ സീറ്റില്‍ പാര്‍ട്ടി ചിഹ്നം ഉപേക്ഷിച്ച് മത്സരിക്കണമെന്ന സി പി എം നിര്‍ദേശം സി പി ഐ തളളിയ പശ്ചാത്തലത്തിലാണ് യോഗം നടക്കുന്നത്.
പൊന്നാനി സീറ്റ് വിട്ടുകൊടുക്കില്ലെന്ന് സി പി ഐയും കോഴിക്കോട് സീറ്റിനായി രംഗത്തുള്ള ജനതാദളും തങ്ങളുടെ മുന്‍നിലപാടുകളില്‍ മാറ്റം വരുത്താന്‍ സാധ്യതയില്ലെന്നതിനാല്‍ ഇന്നത്തെ യോഗം ചൂടേറിയ ചര്‍ച്ചകള്‍ക്ക് സാക്‍ഷ്യം വഹിച്ചേക്കും.
പൊന്നാനിക്കു പുറമെ തിരുവനന്തപുരം, തൃശൂര്‍, മാവേലിക്കര എന്നിവയാണ് സി പി ഐ ആവശ്യപ്പെടുന്ന സീറ്റുകള്‍. ഇതില്‍ മണ്ഡല പുനര്‍നിര്‍ണയത്തെ തുടര്‍ന്ന് ഇല്ലാതാകുന്ന അടൂരിനു പകരമായാണ് സി പി ഐ സംവരണമണ്ഡലമായ മാവേലിക്കര ആവശ്യപ്പെടുന്നത്.
കോഴിക്കോട് ഏറ്റെടുത്ത് പകരം വയനാട് നല്‍കാനുള്ള സി പി എം നീക്കത്തെ പ്രതിരോധിക്കാനാണു ജനതാദള്‍ തീരുമാനം. പാര്‍ട്ടി ജയിച്ചുവരുന്ന മണ്ഡലം മാറിക്കൊടുക്കേണ്ട ഒരു സാഹചര്യവുമില്ലെന്നാണ് ദള്‍ നിലപാട്. മണ്ഡല പുനര്‍നിര്‍ണയത്തെ തുടര്‍ന്ന് യു ഡി എഫിനു കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന വയനാട് സ്വീകരിക്കേണ്ടെന്നാണ് ദള്‍ തീരുമാനം.
അതേസമയം, നിലവിലെ ആറു സിറ്റിങ് എം പിമാര്‍ക്ക് ഇത്തവണയും സീറ്റ് നല്‍കുമെന്ന് സി പി എം സെക്രട്ടറിയേറ്റ് യോഗത്തില്‍ ധാരണയായിട്ടുണ്ട്.