ബന്ധുവായ സ്ത്രീയെ വെസ്റ്റ് ഫോര്‍ട്ട് ആശുപത്രിയില്‍ ചികിത്സനടത്തി ബില്ല് അടക്കാതെ മുങ്ങിയയാള്‍ അറസ്റ്റില്‍. അപ്പോളോ ടയേഴ്സ് മുന്‍ ടയേഴ്സ് ജീവനക്കാരനായ ആലുവ വെളിയത്തുവീട്ടില്‍ കൊച്ചപ്പന്‍ മകന്‍ ജോഷി(42)യാണ് അറസ്റ്റിലായത്. പണത്തിന് പകരം അപ്പോളോ ടയേഴ്സിന്റെ വ്യാജസര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ ഇയാള്‍ കമ്പനി പണം അടയ്ക്കുമെന്ന് തെറ്റിദ്ധരിപ്പിച്ച് മുങ്ങുകയായിരുന്നു.
2003 ലാണ് കേസിനാസ്പദമായ സംഭവം. ലീല എന്ന സ്ത്രീയ്ക്ക് ചികിത്സ നടത്തിയ വകയില്‍13700 രൂപയാണ് ആശുപത്രി ബില്‍ അടയ്ക്കാന്‍ ഉണ്ടായിരുന്നത്. അപ്പോളോ ടയേഴ്സിന്റെ ലെറ്റര്‍ പാഡില്‍ വ്യാജമായി ടൈപ്പ് ചെയ്ത് രേഖകളുണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്. സംശയം തോന്നിയ ആശുപത്രി ജീവനക്കാര്‍ അപ്പോളോ ടയേഴ്സുമായി ബന്ധപ്പെട്ടതിനെതുടര്‍ന്നാണ് തട്ടിപ്പ് പുറത്തുവന്നത്. തുടര്‍ന്ന് വെസ്റ്റ് പൊലീസില്‍ പരാതി നല്‍കി. ഒളിവില്‍ പോയ പ്രതി വിവിധസ്ഥലങ്ങളില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. രഹസ്യവിവരം കിട്ടിയതിനെതുടര്‍ന്ന് തൃശൂര്‍ ട്രാന്‍സ്പോര്‍ട്ട് സ്റ്റാന്റ് പരിസരത്തുനിന്നാണ് ഇയാളെ അറസ്റ്റുചെയ്തത്.