ആറന്മുള വിമാനത്താവള പദ്ധതി: സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ തെറ്റിദ്ധരിപ്പിച്ചു

Webdunia
തിങ്കള്‍, 7 ഒക്‌ടോബര്‍ 2013 (15:03 IST)
PRO
PRO
ആറന്മുള വിമാനത്താവള പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ തെറ്റിദ്ധരിപ്പിച്ചു. കെജിഎസ് ഗ്രൂപ്പിന് ഇളവുണ്ടെന്ന് കാണിച്ച് കേന്ദ്ര പരിസ്ഥിതിമന്ത്രാലയത്തിന് സംസ്ഥാന സര്‍ക്കാര്‍ കത്തയച്ചു. മന്ത്രിസഭായോഗ തീരുമാനത്തിന് വിരുദ്ധമാണ് സര്‍ക്കാര്‍ നടപടി. ആറന്മുള വിമാനത്താവളത്തിന്റെ പാരിസ്ഥിതിക അനുമതി സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നേരിട്ട് ഭരിക്കുന്ന പരിസ്ഥിതി വകുപ്പിന്റെ സെക്രട്ടറി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് അയച്ച കത്തിന്റെ പകര്‍പ്പ് സ്വകാര്യ വാര്‍ത്താ ചാനല്‍ പുറത്തുവിട്ടു.

2-9-2010 ലെ മന്ത്രിസഭാ യോഗ തീരുമാനമനുസരിച്ച് നെല്‍വയല്‍ സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ നിന്നും വിമാനത്താവള കമ്പനിയായ കെജിഎസ് ഗ്രൂപ്പിന് ഇളവ് അനുവദിച്ചിട്ടുണ്ടെന്ന് കത്തില്‍ പറയുന്നു. എന്നാല്‍ നിര്‍ദിഷ്ട വിമാനത്താവളത്തിന് നിലവിലുള്ള എല്ലാ നിയമത്തിനും ബാധകമായി മാത്രം സ്വന്തം നിലയില്‍ ഭൂമി കണ്ടെത്തേണ്ടതാണെന്ന വ്യവസ്ഥയില്‍ തത്വത്തില്‍ അംഗീകാരം നല്‍കാനായിരുന്നു മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം.

വിമാനത്താവള ആവശ്യത്തിനല്ലാതെ ഭൂമി നികത്താന്‍ അനുവദിക്കില്ലെന്നും മാര്‍ക്കറ്റ് വില ഈടാക്കി സര്‍ക്കാര്‍ ഭൂമി കമ്പനിക്ക് നല്‍കുമെന്നും കത്തില്‍ പറയുന്നു. 15 ഏക്കറില്‍ കൂടുതല്‍ ഭൂമി കൈവശം വെക്കാന്‍ ഭൂപരിഷ്‌കരണ നിയമത്തിലെ ഇളവ് ലഭിക്കാത്തതിനാല്‍ കമ്പനിയുടെ കൈയ്യില്‍ നിന്നും മിച്ചഭൂമി ഏറ്റെടുക്കുന്നതിനും പോക്കുവരവ് റദ്ദാക്കുന്നതിനും പത്തനംതിട്ട ജില്ലാ കളക്ടര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ കെജിഎസ് ഗ്രൂപ്പിന് ഇളവുണ്ടെന്ന് സര്‍ക്കാര്‍ പറയുന്നതോടെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ അട്ടിമറിക്കപ്പെട്ടു.

ഇനി ഒരുതുണ്ട് ഭൂമി പോലും നികത്താന്‍ അനുവദിക്കരുതെന്നും കൃഷി പുനസ്ഥാപിക്കണമെന്നും നിയമസഭ പരിസ്ഥിതി കമ്മിറ്റി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. ഈ റിപ്പോര്‍ട്ടും അട്ടിമറിക്കപ്പെട്ടു. നിര്‍ദിഷ്ട വിമാനത്താവള പദ്ധതിക്ക് ഇളവ് നല്‍കിയിട്ടുണ്ടെന്നും അതിനാല്‍ എത്രയും വേഗം പാരിസ്ഥിതിക അനുമതി നല്‍കണമെന്നും അസാധാരണ ശുപാര്‍ശയും പരിസ്ഥിതി വകുപ്പ് കേന്ദ്രത്തിന് അയച്ച കത്തില്‍ ഉണ്ട്.