മുംബൈ റിസര്‍വ് ബാങ്ക് ആസ്ഥാനത്ത് അതിക്രമിച്ചു കയറി ആകാശത്തേക്ക് വെടിവച്ച മലയാളി യുവാവ് അറസ്റ്റില്‍. കോട്ടയം ചാമംപതാല്‍ പുത്തന്‍പുരയ്ക്കല്‍ ആര്‍ പത്മഗിരീഷ് (27) ആണ് പിടിയിലായത്.
ചോദ്യം ചെയ്യലില്‍ പ്രതി പരസ്പരവിരുദ്ധമായ ഉത്തരങ്ങളാണ് നല്‍കുന്നതെന്ന് പൊലീസ് പറഞ്ഞു. സാമ്പത്തിക ബാധ്യതയെ തുടര്‍ന്നുള്ള മാനസിക സംഘര്‍ഷങ്ങളാണ് അക്രമത്തിന് പ്രേരണയായതെന്നാണ് പൊലീസിന്റെ നിഗനമം.
പൊന്‍കുന്നത്തു ലോട്ടറി ഏജന്‍സി കടയില്‍ ജീവനക്കാരനായിരുന്നു പത്മഗിരീഷ്. ദിവസങ്ങള്‍ക്ക് മുമ്പ് കടയില്‍ നിന്ന് 3.5 ലക്ഷം രൂപയുമായി ഇയാള്‍ മുങ്ങിയതായി മണിമല പൊലീസിന് പരാതി ലഭിച്ചിട്ടുണ്ട്. പത്മഗിരീഷിനെ കാണാതായതായി വീട്ടുകാരും പൊലീസില്‍ പരാതി നല്‍കിയിരുന്നു. കോട്ടയത്ത് നിന്നുള്ള അന്വേഷസംഘം ബുധനാഴ്ച മുംബൈയ്ക്ക് തിരിക്കുന്നുണ്ട്.
അതീവ സുരക്ഷാ മേഖലയായ റിസര്‍വ് ബാങ്ക് കെട്ടിടത്തിലേക്ക് ചൊവ്വാഴ്ച വൈകിട്ട് 4 മണിയോടെയാണ്ഇയാള്‍ കടക്കാന്‍ ശ്രമിച്ചത്. സുരക്ഷാ ജീവനക്കാരും ആര്‍ബിഐ ജീവനക്കാരും തടഞ്ഞപ്പോള്‍ ആകാശത്തേക്കു വെടിവച്ചു. ഭീകരാക്രമണമാണെന്ന് കരുതി ആളുകള്‍ പരിഭ്രാന്തരായി. തുടര്‍ന്ന് സുരക്ഷാ ജീവനക്കാര്‍ ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. അറസ്റ്റിലായ ഇയാളെ ക്രൈംബ്രാഞ്ചും എടിഎസും ചോദ്യം ചെയ്തു.