ആരെതിര്‍ത്താലും മുന്നോട്ടുപോകും, ജനങ്ങള്‍ കൂടെയുണ്ട്: ഉമ്മന്‍‌ചാണ്ടി

Webdunia
ബുധന്‍, 27 ജനുവരി 2016 (17:50 IST)
ആരെതിര്‍ത്താലും യു ഡി എഫ് സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി. തനിക്ക് ജനങ്ങളുടെ പിന്തുണയുണ്ടെന്നും ഉമ്മന്‍‌ചാണ്ടി പറഞ്ഞു. വി എം സുധീരന്‍ നയിക്കുന്ന ജനരക്ഷായാത്രയ്ക്ക് പുതുപ്പള്ളിയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 
 
10 ദിവസം മുമ്പ് ഇവര്‍ പത്രക്കാരോട് എന്നേക്കുറിച്ച് ‘പിതൃതുല്യന്‍’ എന്നാണ് പറഞ്ഞത്. ഇപ്പോള്‍ വേറെന്തൊക്കെയോ പറയുന്നു. ഇവര്‍ക്കൊക്കെ ഇടതുപക്ഷത്തിന്‍റെ കൂട്ടുണ്ട്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെക്കുറിച്ച് ദുഃഖിക്കാനേ വഴിയുള്ളൂ. രാഷ്ട്രീയ പാര്‍ട്ടിയില്‍ ജനങ്ങള്‍ക്ക് വിശ്വാസം വരണമെങ്കില്‍ ജനങ്ങളെക്കൂടി വിശ്വാസത്തിലെടുക്കണം. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ ജനങ്ങള്‍ക്ക് വിശ്വാസ്യത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ജനങ്ങള്‍ പ്രബുദ്ധരാണ്, അവരെ എല്ലാക്കാലത്തേക്കും കബളിപ്പിക്കാമെന്ന് ആരും കരുതേണ്ട - ഉമ്മന്‍‌ചാണ്ടി പറഞ്ഞു.
 
സോളാര്‍ കമ്മീഷന്‍ 14 മണിക്കൂര്‍ എന്‍റെ മൊഴിയെടുത്തു. എത്ര മണിക്കൂര്‍ എടുത്താലും അവസാന ചോദ്യവും ചോദിച്ചതിന് ഉത്തരം പറഞ്ഞേ പോകൂ എന്ന് ഞാന്‍ പറഞ്ഞിരുന്നു. 14 മണിക്കൂര്‍ മൊഴി നല്‍കിയിട്ടും ആര്‍ക്കും സര്‍ക്കാരിനെതിരെ ഒരു കടലാസ് പോലും എടുത്തുകാണിക്കാന്‍ കഴിഞ്ഞില്ല. സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് ഒരു രൂപ പോലും നഷ്ടം വന്നിട്ടില്ല. ഒരു രൂപയുടെ ആനുകൂല്യവും തട്ടിപ്പുകാര്‍ക്ക് കൊടുത്തിട്ടില്ല - ഉമ്മന്‍‌ചാണ്ടി പറഞ്ഞു.   
 
ഇപ്പോള്‍ സരിത 1.9 കോടി എനിക്കുതന്നു എന്ന് പറയുന്നു. അവര്‍ രണ്ടുലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്ക് തന്നത് വണ്ടിച്ചെക്കായിരുന്നു. ഇനി അഥവാ അങ്ങനെ രൂപ തന്നെങ്കില്‍ അതിന് എന്തെങ്കിലും നേട്ടം അവര്‍ക്കുണ്ടാകേണ്ടേ? - ഉമ്മന്‍‌ചാണ്ടി ചോദിച്ചു.