ആദിവാസികള്‍ക്കിടയില്‍ ആതുരസേവനം നടത്തിവന്ന ഡോ. ഷാനവാസ് ഹൃദയാഘാതം മൂലം മരിച്ചു

Webdunia
ശനി, 14 ഫെബ്രുവരി 2015 (16:12 IST)
ആദിവാസികള്‍ക്കിടയില്‍ ആതുരസേവനം നടത്തിവന്നിരുന്ന ഡോക്‌ടര്‍ പി സി ഷാനവാസ് അന്തരിച്ചു. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. 35 വയസ്സ് ആയിരുന്നു. വെള്ളിയാഴ്ച രാവിലെ കോഴിക്കോട്ടേക്കു പോയ ഷാനവാസ് മലപ്പുറത്തെ വീട്ടിലേക്ക് രാത്രി മടങ്ങുന്നതിനിടെയാണ് മരണപ്പെട്ടത്. കാറിന്റെ പിന്‍സീറ്റില്‍ യാത്ര ചെയ്യുകയായിരുന്ന ഷാനവാസ് അബോധാവസ്ഥയിലാകുകയായിരുന്നു.
 
ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഉടന്‍ തന്നെ എടവണ്ണയിലെ രാജഗിരി ആശുപത്രിയിലെത്തിക്കുകയും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് ഷാനവാസിനെ കൊണ്ടുപോയി. എന്നാല്‍, മെഡിക്കല്‍ കോളജിലേക്കുള്ള യാത്രാമധ്യേ മരണം സംഭവിക്കുകയായിരുന്നു.
 
കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്നാണ് ഷാനവാസ് എം ബി ബി എസ് പൂര്‍ത്തിയാക്കിയത്. പഠനത്തിനു ശേഷം കുറച്ചുകാലം സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്തിരുന്നു. പിന്നീട്, സര്‍ക്കാര്‍ സര്‍വീസില്‍ അസിസ്റ്റന്റ് സര്‍ജനായി പ്രവേശിച്ചു. 
 
സ്വകാര്യ ആശുപത്രി ലോബിയുടെ കടുത്ത എതിര്‍പ്പിനെ അതിജീവിച്ചാണ് ഷാനവാസ് നിലമ്പൂരിലെ പൊതുജനാരോഗ്യ രംഗത്ത് സജീവമായി പ്രവര്‍ത്തിച്ചത്. ചുങ്കത്തറ സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന സമയത്ത് ഷാനവാസിനെ അപായപ്പെടുത്താനും ശ്രമം നടന്നിരുന്നു. അശരണ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി മരുന്നു കമ്പനികളെ ആശ്രയിക്കാതിരുന്നതാണ് ഷാനവാസിനെ കമ്പനികളുടെ കണ്ണിലെ കരടാക്കിയത്. സര്‍വീസില്‍ പ്രവേശിച്ച് ആദ്യ മൂന്നുവര്‍ഷം തികയും മുമ്പ് ചട്ടങ്ങള്‍ ലംഘിച്ച് ഷാനവാസിന് പാലക്കാട് ജില്ലയിലെ കാഞ്ഞിരപ്പുഴയിലേക്ക് സ്ഥലംമാറ്റി. മൂന്നുമാസം തികയും മുമ്പ് ശിരുവാണിയിലേക്കും സ്ഥലം മാറ്റമുണ്ടായി. 

(ചിത്രങ്ങള്‍ ഷാനവാസിന്റെ ഫേസ്ബുക്ക് പേജില്‍ നിന്ന്)