അഴിമതി രാഘവന്‍റെ കാലത്ത് - ജി.സുധാകരന്‍

Webdunia
എം.വി രാഘവന്‍ മന്ത്രിയായിരുന്ന സമയത്ത് മാത്രം സഹകരണ മേഖലയില്‍ രണ്ടായിരം കോടി രൂപയുടെ അഴിമതി നടന്നുവെന്ന് സഹകരണ മന്ത്രി ജി. സുധാകരന്‍ പറഞ്ഞു.

രാഘവന്‍ മന്ത്രിയായിരിക്കുന്നതിന് മുമ്പും പിമ്പും അഴിമതി നടന്നിട്ടില്ല. കേരള സംസ്ഥാന സഹകരണ ബാങ്കില്‍ 300 കോടിയുടെ അഴിമതി കണ്ടെത്തിയിട്ടുണ്ട്. ഇതിനെതിരെ വിജിലന്‍സിന്‍റെ അന്വേഷണവും കേസും നടന്ന് വരികയാണ്. അഴിമതി കണ്ടെത്തിയിട്ടുള്ള മറ്റ് സഹകരണ സംഘങ്ങള്‍ക്കെതിരെയും അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിട്ടുണ്ട്.

നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ അംഗങ്ങള്‍ക്കുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. മറ്റ് സഹകരണ ബാങ്കുകളില്‍ 2000 കോടി രൂ‍പയുടെ അഴിമതി നടന്നിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. എ.വി. രാഘവന്‍ മന്ത്രിയായിരുന്ന സമയത്താണ് ഇത്രയും അഴിമതി നടന്നിട്ടുള്ളത്.

അതിന് മുമ്പ് ഇടതുമുന്നണി ഭരിച്ചപ്പോഴും പിമ്പ് കോണ്‍ഗ്രസ് ഭരിച്ചപ്പോഴും ഇത്രയും അഴിമതി നടന്നിട്ടില്ല - മന്ത്രി നിയമസഭയെ അറിയിച്ചു. നെല്‍കൃഷിക്കാര്‍ക്ക് നാല് ശതമാനം പലിശ നിരക്കില്‍ വായ്പ നല്‍കുമെന്നും മന്ത്രി പറഞ്ഞു. രണ്ടേക്കര്‍ കൃഷി ചെയ്യുന്നതിന് 10,000 രൂപയാണ് വായ്പയായി നല്‍കുന്നതെന്നും അദ്ദേഹം സഭയെ അറിയിച്ചു.

ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ എണ്ണം കൂട്ടുന്ന കാര്യം സര്‍ക്കാരിന്‍റെ പരിഗണനയിലാണെന്നും എണ്ണം എത്രയാകണമെന്നത് സംബന്ധിച്ച് തീരുമാനമൊന്നും ആയില്ലെന്നും മന്ത്രി ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു.