അറസ്റ്റിലായവര്‍ പരല്‍‌ മീനുകളാണെന്നത് മുല്ലപ്പള്ളിയുടെ അഭിപ്രായം: തിരുവഞ്ചൂര്‍

Webdunia
വെള്ളി, 18 മെയ് 2012 (11:20 IST)
PRO
PRO
ടി പി ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റിലായവര്‍ പരല്‍ മീനുകളാണെന്ന അഭിപ്രായം കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റേത് മാത്രമാണെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കേസില്‍ സി ബി ഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ പൊലീസ്‌ നടത്തുന്ന അന്വേഷണത്തില്‍ ചന്ദ്രശേഖരന്റെ ബന്ധുക്കള്‍ക്ക്‌ പോലും ആക്ഷേപമില്ലെന്ന് തിരുവഞ്ചൂര്‍ ചൂണ്ടിക്കാട്ടി. കേസില്‍ വേണമെങ്കില്‍ സി ബി ഐ അന്വേഷണത്തിന്‌ തയാറാണെന്ന് കഴിഞ്ഞ ദിവസം മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു തിരുവഞ്ചൂര്‍.

കേസില്‍ സി ബി ഐ അന്വേഷണത്തിന് തയ്യാറാണ്. കുറ്റക്കാരെ വിലങ്ങുവെച്ചുകൊണ്ടുപോകാന്‍ കേന്ദ്രസര്‍ക്കാരിന്‌ മടിയില്ല. കേസില്‍ ഇപ്പോള്‍ പിടിയിലായത് പരല്‍‌മീനുകളാണ്. വമ്പന്‍ സ്രാവുകള്‍ പുറത്താണെന്നുമാണ് മുല്ലപ്പള്ളി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.