അരുണ്‍കുമാറിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കണം: ഉമ്മന്‍ ചാണ്ടി

Webdunia
ഞായര്‍, 27 ഫെബ്രുവരി 2011 (19:20 IST)
WD
മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്റെ മകന്‍ അരുണ്‍കുമാറിനെതിരെ ഉയര്‍ന്നു വന്നിരിക്കുന്ന എല്ലാ ആരോപണങ്ങളും അന്വേഷിക്കണമെന്ന്‌ പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടി. കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അരുണ്‍ കുമാറിനെതിരെ യു ഡി എഫ്‌ ഉന്നയിച്ച ആരോപണങ്ങള്‍ എഴുതിനല്കാന്‍ തയ്യാറാണെന്നും അദ്ദേഹം‌ പറഞ്ഞു.

മുഖ്യമന്ത്രിയുടെ മകന് ചന്ദനമാഫിയയുമായുള്ള ബന്ധവും എഴുതിനല്കാം. പക്ഷേ, അന്വേഷണം നടത്തുമെന്ന്‌ മുഖ്യമന്ത്രി ഉറപ്പുനല്‍കണം. ഏത്‌ ഏജന്‍സിയെകൊണ്ട്‌ അന്വേഷിപ്പിക്കണമെന്ന്‌ സര്‍ക്കാരിന്‌ തീരുമാനിക്കാമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

ലോട്ടറിവിഷയത്തില്‍ കള്ളംപറഞ്ഞത്‌ മുഖ്യമന്ത്രിയാണ്‌. ലോട്ടറിക്കേസില്‍ സി ബി ഐ അന്വേഷണം നടത്തണമെന്ന്‌ കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരത്തോട്‌ ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രിക്കും ചിദംബരത്തിനും എതിരായ പരാമര്‍ശം മുഖ്യമന്ത്രിക്ക്‌ യോജിക്കാത്തതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ലോട്ടറി കേസില്‍ തുടര്‍നടപടികള്‍ തടയുന്നത്‌ മുഖ്യമന്ത്രിയുടെ മകനാണെന്നും ഉമ്മന്‍ ചാണ്ടി ആരോപിച്ചു.