കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ ഹൈക്കോടതിയില്‍ അഭിഭാഷകര്‍ ഹാജരാകാതിരുന്നത് സംബന്ധിച്ച് ഹൈക്കോടതിയില്‍ ഉണ്ടായ പ്രശ്നങ്ങള്‍ പരിഹരിച്ചു. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കില്ലെന്ന് അഭിഭാഷകര്‍ കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം നല്കിയ മുന്നറിയിപ്പ് നോട്ടീസ് കോടതി പിന്‍വലിച്ചു.
അഭിഭാഷകര്‍ ഹാജരായതിനെ തുടര്‍ന്ന് ജസ്റ്റിസ് കെ ടി ശങ്കരന്‍ അധ്യക്ഷനായ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വെള്ളിയാഴ്ച രാവിലെ മുതല്‍ ക്രിമിനല്‍ കേസുകളിലെ അപ്പീലുകളില്‍ വാദം കേള്‍ക്കല്‍ പുനരാരംഭിച്ചിരുന്നു.
കേസുകളുടെ ലിസ്റ്റ് തയ്യാറാക്കിയതിലെ അപാകത മൂലം ഉണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ബെഞ്ച് രണ്ടു ദിവസമായി അപ്പീലുകളില്‍ വാദം കേട്ടിരുന്നില്ല. ലിസ്റ്റുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം മൂലം അഭിഭാഷകര്‍ കേസുകള്‍ വാദിക്കാന്‍ കോടതിയില്‍ എത്തിയിരുന്നില്ല.
ആശയക്കുഴപ്പം പരിഹരിച്ചതോടെ കോടതി സ്വമേധയാ വിഷയം പരിഗണിക്കുകയും കഴിഞ്ഞദിവസം നല്‍കിയ നോട്ടീസുകള്‍ പിന്‍വലിക്കുകയുമായിരുന്നു.