നേപ്പാള്‍ ഭൂകമ്പത്തില്‍ പരുക്കേറ്റ് കാഠ്‌മണ്ഡുവില്‍ ചികിത്സയില്‍ കഴിയുന്ന മലയാളി അബിന്‍ സൂരിയെ ഇന്നു തന്നെ നാട്ടിലെത്തിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അബിനുമായി ബന്ധപ്പെട്ടിരുന്നെന്നും നേപ്പാളില്‍ കിട്ടാവുന്ന ഏറ്റവും മികച്ച ചികിത്സയാണ് അദ്ദേഹത്തിന് ലഭിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍, വിദഗ്ധ ചികിത്സയ്ക്ക് ഡല്‍ഹിയില്‍ എത്തിക്കേണ്ടതുണ്ടെന്നും അതിന് എല്ലാവിധ ശ്രമങ്ങളും നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, നേപ്പാളില്‍ ചികിത്സയില്‍ കഴിയുന്ന അബിന്‍ സൂരി, തനിക്ക് എപ്പോള്‍ നാട്ടിലേക്ക് പോകാന്‍ കഴിയുമെന്ന് അറിയില്ലെന്ന് പറഞ്ഞു. ആന്തരികാവയങ്ങളുടെ പ്രവര്‍ത്തനം തകരാറിലെന്നും അബിന്‍ സൂരി വ്യക്തമാക്കി.
ഭൂകമ്പാവശിഷ്‌ടങ്ങള്‍ക്ക് ഇടയില്‍ പെട്ട് പരുക്കേറ്റ അബിന്‍ സൂരിയുടെ വൃക്കയ്ക്ക് തകരാര്‍ സംഭവിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് അബിനെ ഇന്നലെയും ഇന്നും ഡയാലിസിസിന് വിധേയനാക്കി.