കഴിഞ്ഞ ഒരു വർഷത്തെ എൽഡിഎഫ് സർക്കാരിന്റെ പ്രവർത്തനങ്ങളെ വിലയിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ എല്ലാം കുത്തഴിഞ്ഞുകിടക്കുകയായിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന വര്‍ഷം എന്തൊക്കെയാണ് ഇവിടെ നടന്നതെന്നതിന് മാധ്യമങ്ങള്‍ സാക്ഷികളാണ്. അന്നത്തെ സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിനില്‍ക്കുകയായിരുന്നു. ഹൈക്കോടതിയില്‍ വന്ന കേസുകളും കോടതിയുടെ വിധികളും അക്കാര്യം സ്ഥിരീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അധ്യയന വര്‍ഷത്തിന്റെ അവസാന സമയത്തു പോലും വിദ്യാര്‍ഥികള്‍ക്ക് പാഠപുസ്തകങ്ങള്‍ നല്‍കിയിരുന്നില്ല. കുട്ടികള്‍ക്ക് പുസ്തകത്തിന്റെ ഫോട്ടോ കോപ്പി എടുത്തുപഠിക്കേണ്ട ഗതികേടായിരുന്നു ഉണ്ടായിരുന്നത്. സ്മാര്‍ട്‌സിറ്റിയില്‍ ഒരു പ്രധാന ഐടി കമ്പനിയെപ്പോലും കൊണ്ടുവരാന്‍ ആ സര്‍ക്കാരിന് സാധിച്ചില്ല. കൊച്ചി മെട്രോയും കണ്ണൂര്‍ വിമാനത്താവളവും എത്തരത്തിലാണ് ഉദ്ഘാടനം ചെയ്തതതെന്ന കാര്യം പറയേണ്ടതില്ല. ആ രണ്ടു പദ്ധതികളും പൂര്‍ത്തിയാക്കിയത് ഈ സര്‍ക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചായിരിക്കണം ഭരണനിര്‍വഹണം നടത്തേണ്ടതെന്ന് ഉറപ്പാക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ആദ്യം ചെയ്തത്. അഴിമതിക്കെതിരെ കര്‍ശന നിലപാട് സ്വീകരിച്ചു. വിജിലന്‍സിനെ സ്വതന്ത്രമാക്കി. ഒരു തരത്തിലുള്ള രാഷ്ട്രീയ ഇടപെടലും വിജിലന്‍സിന് മേല്‍ ഉണ്ടായിരുന്നില്ല. ഹൈക്കോടതി എത്ര തവണയാണ് വിജിലന്‍സിനെയും സര്‍ക്കാരിനെയും വിമര്‍ശിച്ചത്? കോടതിയുടെ നിര്‍ദേശങ്ങളോ ഉത്തരവുകളോ പോലും അന്നത്തെ സര്‍ക്കാര്‍ കണക്കിലെടുത്തിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.