എഴുകോണില്‍ അംഗന്‍വാടി കെട്ടിടത്തിന്‍റെ മേല്‍ക്കൂര തകര്‍ന്നു വീണ് ഒരു അധ്യാപികയ്ക്കും മുന്നു കുട്ടികള്‍ക്കും പരിക്കേറ്റു. കനത്ത മഴയെത്തുടര്‍ന്നായിരുന്നു അപകടം ഉണ്ടായത്.
ബുധനാഴ്ച രാവിലെ രാവിലെ ഒമ്പതര മണിയോടെ ഈ പ്രദേശത്ത് ശക്തമായ കാറ്റും മഴയും ഉണ്ടായി. ഇതേത്തുടര്‍ന്ന് പത്തുമണി യോടെ അംഗന്‍വാടി കെട്ടിടത്തിന്‍റെ ഓടു മേഞ്ഞ മേല്‍ക്കൂര തകര്‍ന്ന് വീഴുകയായിരുന്നു. ഒരു വാടക കെട്ടിടത്തിലാണ് ഈ അംഗന്‍വാടി പ്രവര്‍ത്തിച്ചിരുന്നത്.
അപകടമുണ്ടാവുമ്പോള്‍ അഞ്ച് കുട്ടികളും അധ്യാപികയും മാത്രമേ കെട്ടിടത്തില്‍ ഉണ്ടായിരുന്നുള്ളൂ. ഇവരുടെ മുകളിലേക്ക് മേല്‍ക്കൂര തകര്‍ന്ന് വീഴുകയായിരുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അംഗന്‍ വാടിയുടെ പ്രവര്‍ത്തനം ഈ കെട്ടിടത്തിലേക്ക് മാറ്റിയിട്ട് രണ്ടു മാസമേ ആകുന്നുള്ളൂ.
അംഗന്‍വാടിക്ക് സ്വന്തമായി ഒരു കെട്ടിടം വേണമെന്ന ആവശ്യം ഇവിടെ ശക്തമായിരുന്നു. എന്നാലിതുവരെയും ഇതിനുള്ള ഒരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നില്ല.