ജാക്ക് ഡോർസി ട്വിറ്ററിൽ നിന്ന് രാജിവെച്ചു, പുതിയ സിഇഒ ഇന്ത്യൻ വംശജനായ പരാഗ് അഗ്രാവൽ

Webdunia
ചൊവ്വ, 30 നവം‌ബര്‍ 2021 (13:30 IST)
ട്വിറ്റർ സഹസ്ഥാപകനായ ജാക്ക് ഡോർസി കമ്പനിയിൽ നിന്ന് രാജിവെച്ചു. രാജി ഉണ്ടായേക്കുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു.ജാക്ക് തന്നെയാണ് വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.കമ്പനി സിഇഒ സ്ഥാനവും ബോർഡ് ചെയർമാൻ സ്ഥാനവും ജാക്ക് ഒഴിഞ്ഞു. നിലവിലെ ചീഫ് ടെക്നിക്കൽ ഓഫീസർ പരാഗ് അഗ്രാവൽ ഇ ഒ സ്ഥാനം ഏറ്റെടുക്കും.
 
2022ൽ അംഗത്വ കാലാവധി അവസാനിക്കുന്നത് വരെ ജാക്ക് ബോർഡിൽ തുടരുമെന്നാണ് അറിയിപ്പ്. നാൽപ്പത്തിയഞ്ചുകാരനായ ജാക്ക് ഡോർസി സ്ഥാനമൊഴിയണമെന്ന് ട്വിറ്റർ ബോർഡിലെ പ്രധാന നിക്ഷേപക ഒന്നായ എലിയട്ട് മാനേജ്മെന്റ് കോർപ്പറേഷൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു.  
 
പുതിയ സിഇഒ പരാഗ് അഗ്രാവൽ 2011ലാണ് ട്വിറ്ററിൽ എത്തിയത്. 2017 ഒക്ടോബർ മുതൽ കമ്പനിയുടെ ചീഫ് ടെക്നിക്കൽ ഓഫീസറാണ്. പുതിയ വെല്ലുവിളികളുടെ കാലത്ത് ട്വിറ്ററിനെ നയിക്കാൻ പരാഗ് അനുയോജ്യനാണെന്നും പരാഗിൽ വിശ്വാസമുണ്ടെന്നും ജാക്ക് ഡോർസി തന്റെ വിടവാങ്ങൽ കത്തിൽ പറയുന്നു. 
 
പരാഗ് ട്വിറ്റർ തലവനാകുന്നതോടെ ലോകത്തെ പ്രധാനപ്പെട്ട അഞ്ച് ടെക് സ്ഥാപനങ്ങളുടെ തലപ്പത്ത് ഇന്ത്യൻ വംശജരാകും.ഗൂ​ഗിൾ- ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈ, മൈക്രോസോഫ്റ്റിന്റെ സത്യ നദല്ല, അഡോബിന്റെ ശന്തനും നാരായെൻ, ഐബിഎമ്മിന്റെ അരവിന്ദ് കൃഷ്ണ എന്നിവർക്കൊപ്പം ഇനി പരാഗും കൂടിചേരും. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article