4ജി ഓഹറുകൾ ആഘോഷമാക്കുകയാണ് ഇന്ത്യൻ മൊബൈൽ മേഖല. റിലയൻസ് ജിയോ 4ജി നെറ്റ്‌വർക്ക് വന്നതോടെ മറ്റ് നെറ്റ്‌വർക്കുകളും ഓഫറുകൾ കൂട്ടിയിരിക്കുകയാണ്. ഉപഭോക്താക്കളെ ആവേശം കൊള്ളിക്കുന്ന പുതിയ പാക്കേജുകളും ഓഫറുകളും അനുദിനം പ്രഖ്യാപിക്കുകയാണ് മറ്റു നെറ്റ്‌വർക്കുകൾ.
ജിയോ വെല്‍ക്കം ഓഫറില്‍ ഡിസംബര്‍ 31 വരെ എല്ലാവര്‍ക്കും 4ജി സേവനങ്ങള്‍ സൗജന്യമാണെന്ന് വ്യക്തമാക്കിയിരുന്നു. മറ്റ് നെറ്റ്‌വർക്കുകൾ പുതിയ ഓഫറുകൾ പ്രഖ്യാപിച്ചതോടെ ജിയോ 4 ജി സൗകര്യം മാർച്ച് വരെ നീട്ടുമോ എന്നാണ് 4ജി പ്രേമികൾ ഉറ്റുനോക്കുന്നത്. 2ജി, 3ജി ഉപയോക്താക്കളിലാണ് ബിഎസ്എൻഎൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ജനുവരി ഒന്നു മുതൽ രാജ്യവ്യാപകമായി വോയ്‌സ് കോളുകൾ സൗജന്യമാക്കാനാണ് ബിഎസ്എൻഎല്ലിന്റെ നീക്കം.
1099 രൂപയ്ക്ക് ഒരു മാസത്തേക്ക് അൺലിമിറ്റഡ് 3ജി ആണ് നിലവിൽ ഉള്ള ബി എസ് എൻ എല്ലിന്റെ മറ്റൊരു ഓഫർ. നിശ്ചിത ഉപയോഗത്തിനു ശേഷം സ്പീഡ് കുറഞ്ഞിരുന്ന ഈ പ്ലാനിന്റെ വേഗനിയന്ത്രണം എടുത്തുകളഞ്ഞതോടെയാണ് ഇത് ആകർഷകമായത്. ഈ പ്ലാനിൽ ദിവസം 18 ജിബി വരെ ഉപയോഗിക്കുന്നവരുണ്ട് എന്നാണ് കണക്ക്.
ഡേറ്റയിൽ ഓഫറുകൾ നൽകുന്ന എയർടെല്ലിന് വോയ്‌സ് കോൾ സൗജന്യമാക്കാൻ തൽക്കാലം ഉദ്ദേശമില്ല. എയർടെലിനൊപ്പം വൊഡാഫോണും ഐഡിയയുമെല്ലാം കുറഞ്ഞ നിരക്കിൽ ഡേറ്റ പ്ലാനുകൾ അവതരിപ്പിച്ച് 4ജി വിപ്ലവത്തെ തങ്ങളുടേതാക്കി മാറ്റുന്നതൊപ്പം നിലവിലുള്ള 3ജി, 2ജി ഉപയോക്താക്കളെക്കൂടി തൃപ്തിപ്പെടുത്തുന്നുണ്ട്.