വിരല്‍പൂട്ടുമായി സെഡിയെത്തി, ഇനി മൊബൈല്‍ സുരക്ഷ നമ്മുടെ കയ്യില്‍
തിങ്കള്‍, 11 മെയ് 2015 (14:44 IST)
വിലയും മേന്മയും കുറഞ്ഞവയാണ് ചൈനീസ് ഫോണുകള്‍ എന്ന മുന്‍ധാരണകള്‍ തകരാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. ചൈനീസ് ഫോണായ സിയോമിയുടെ കടന്നുവരവാണ് ഈ മേഖലയില്‍ മാറ്റങ്ങള്‍ ഉണ്ടാക്കിയത്. ഇപ്പോഴിതാ ഈ മേഖലയില്‍ വിപ്ലവം കൊണ്ടുവരാനൊരുങ്ങുകയാണ് ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ സെഡി ( ZTE ). വിരലടയാള പൂട്ടുകള്‍ ഉള്‍പ്പെടെയുള്ള് സുരക്ഷിതത്വവും , മികച്ച സ്പെസിഫിക്കേഷനും നല്‍കുന്നവയാണ് സെഡിയുടെ ഫോണുകള്‍. 'സെഡ് നൂബിയ സെഡ്9' ( ZTE Nubia Z9 ) എന്ന പുതിയ മോഡലിലാണ് വിപ്ലവകരമായ മാറ്റങ്ങള്‍ ഉള്ളത്.
ഈ മോഡലിന്റെ മൂന്ന് വകഭേദങ്ങളാണുള്ളത്. സെഡ് നൂബിയ സെഡ്9 ക്ലാസിക്, നൂബിയ സെഡ്9 എലൈറ്റ്, നൂബിയ സെഡ്9 എക്‌സ്‌ക്ലൂസീവ് എന്നിങ്ങനെ. വ്യത്യസ്ത മെമ്മറി, ഇന്‍ബില്‍റ്റ് സ്റ്റോറേജ് കോണ്‍ഫിഗറേഷനുകള്‍ ഉള്ളവയാണ് മൂന്ന് വകഭേദങ്ങളും. ഇവയില്‍ നൂബിയ സെഡ്9 എക്‌സ്‌ക്ലൂസീവ് ആണ് വിരലടയാളപൂട്ടോടു ( Fingerprint Sensor ) കൂടിയ മോഡല്‍. വെള്ളനിറത്തോടുകൂടിയ നൂബിയ സെഡ്9 ക്ലാസിക്കിന് ചൈനയില്‍ ഏതാണ്ട് 36,000 രൂപയാണ് വില. എലൈറ്റിന് 41,200 രൂപയും, എക്‌സ്‌ക്ലൂസീവിന് 46,300 രൂപയും. എന്നാല്‍ ഇവ മറ്റ് രാജ്യങ്ങളി എന്നെത്തുമെന്ന് കമ്പനി പറഞ്ഞിട്ടില്ല.
ആന്‍ഡ്രോയ്ഡ് ലോലിപോപ്പ് അധിഷ്ഠിതമായ നൂബിയ യുഐ 3.0 പ്ലാറ്റ്‌ഫോമിലാണ് ഫോണുകള്‍ പ്രവര്‍ത്തിക്കുക. മൂന്ന് വകഭേദങ്ങളും ഡ്യുവല്‍ സിം മോഡലുകളാണ്. 424 പിപിഐ പിക്‌സല്‍ സാന്ദ്രതയുള്ള 5.2 ഇഞ്ച് ഫുള്‍ എച്ച്ഡി (1080 X 1920 പിക്‌സല്‍) ഡിസ്‌പ്ലെയാണ് സെഡ്9 ഫോണിലുള്ളത്. നൂബിയ സെഡ്9 ഫോണുകള്‍ക്ക് കരുത്തുപകരുന്നത് 64 ബിറ്റ് ഒക്ടാ-കോര്‍ ക്വാല്‍കോം സ്‌നാപ്പ്ഡ്രാഗണ്‍ 810 പ്രൊസസറാണ്. അഡ്രിനോ 430 ജിപിയുവിന്റെ പിന്തുണയുമുണ്ട്.