വിസ കാര്‍ഡുകളാണോ ഉപയോഗിക്കുന്നത് ? സൂക്ഷിക്കൂ... നിങ്ങളുടെ കാര്‍ഡ് ഹാക്ക് ചെയ്യപ്പെടാം !

വ്യാഴം, 8 ഡിസം‌ബര്‍ 2016 (10:33 IST)
നിങ്ങളുടെ കയ്യിലെ ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ത്താനും ഹാക്ക് ചെയ്യാനും വെറും ആറ് സെക്കന്റ് മാത്രം മതിയെന്ന് ടെക് വിദഗ്ധര്‍. ക്രെഡിറ്റ്-ഡെബിറ്റ്, സെക്യൂരിറ്റി കോഡ്, കാര്‍ഡുകളുടെ കാലാവധി എന്നിവയെല്ലം കണ്ടുപിടിക്കുന്നതിനായി ആറു സെക്കന്റ് മാത്രമേ ആവശ്യമുള്ളൂയെന്നാണ് ന്യൂകാസില്‍ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ വ്യക്തമാക്കിയത്.    
 
ഊഹത്തിന്റെ പിന്‍ബലത്തിലാണ് ഹാക്കര്‍മാര്‍ ഈ ഹാക്കിംഗ് നടത്തുന്നത്. ഗസ്സിംഗ് അറ്റാക്ക് എന്നാണ് ഇത് അറിയപ്പെടുക. ഈ തട്ടിപ്പ് നടത്തുന്നതിന് ചെലവ് വളരെ കുറവാണെന്നും വളരെ ലളിതമായ രീതിയില്‍ ഇത് നടത്താന്‍ സാധിക്കുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഈ അടുത്ത കാലത്ത് നടന്ന ടെസ്‌കോ സൈബര്‍ അറ്റാക്കിലും ഇതേ ഗസ്സിംഗ് രീതിയാണ് പ്രയോഗിച്ചിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.
 
ഓണ്‍ലൈന്‍ പണമിടപാട് സംവിധാനത്തിലെ വീഴ്ച്ചകളാണ് ഹാക്കര്‍മാര്‍ ദുരുപയോഗം ചെയ്യുന്നത്. വ്യത്യസ്ത വെബ്സൈറ്റുകളില്‍ പലതവണയായി കാര്‍ഡിലെ വിവരങ്ങള്‍ തെറ്റായി നല്‍കിയാല്‍ അത് കണ്ടെത്താനോ തടയാനോ സാധിക്കില്ലെന്നതാണ് ഇത്തരക്കാര്‍ക്ക് സഹായകമാകുന്നത്. ഓണ്‍ലൈന്‍ പണമിടപാടിനായി ഓരോ വെബ്സൈറ്റും വ്യത്യസ്തമായ രീതിയില്‍ വിവരങ്ങള്‍ ശേഖരിക്കുന്നതും ഇവര്‍ക്ക് ഗുണകരമാകുന്നു.
 
ഇത്തരത്തില്‍ ഊഹിച്ച് കണ്ടെത്തിയ വിവരങ്ങളിലൂടെ കാര്‍ഡിലെ രഹസ്യവിവരങ്ങള്‍ മുഴുവന്‍ അതിവേഗം ഇവര്‍ ചോര്‍ത്തുകയും തട്ടിപ്പ് നടത്തുകയുമാണ് ചെയ്യുന്നത്. വിസ കാര്‍ഡുകളില്‍ മാത്രമേ ഇത്തരത്തിലുള്ള ഹാക്കിംഗ് നടത്താന്‍ സാധിക്കുകയുള്ളൂ എന്നാണ് ന്യൂകാസില്‍ സര്‍വ്വകലാശാലയിലെ വിദഗ്ധ സംഘം അറിയിച്ചത്.

വെബ്ദുനിയ വായിക്കുക