നോക്കിയ എക്സിന്റെ പിന്‍ഗാമിയെത്തുന്നു

Webdunia
വ്യാഴം, 22 മെയ് 2014 (12:47 IST)
വിപണിയില്‍ തരംഗങ്ങള്‍ സൃഷ്ടിച്ച് മുന്നേറുന്ന നോക്കിയയുടെ ആന്‍ഡ്രോയിഡ്‌ സ്മാര്‍ട്ട്‌ ഫോണുകളായ നോക്കിയ എക്സ്‌ സീരിസിലെ ഫോണുകള്‍ക്ക് പിന്‍‌ഗാമിയെത്തുന്നു എന്ന വാര്‍ത്തകള്‍ കിറച്ചുകാലമായി കേള്‍ക്കാന്‍ തുടങ്ങിയിട്ട്. എന്നാല്‍ അവയെക്കുറിച്ചൊന്നു വിട്ടുപറയാന്‍ കമ്പനി തയ്യാറായിരുന്നില്ല.

എതിരാളികളായ സാംസംഗിനേയും സോനിയേയും ഭയന്നായിരിക്കും അവര്‍ അങ്ങനെ ചെയ്തത്. എന്നാല്‍ ടെക് ലോകത്ത് ഒന്നും രഹസ്യമാക്കി വയ്ക്കാന്‍ സാധിക്കില്ല എന്ന സത്യം വീണ്ടും തെളിയിച്ചുകൊണ്ട് അണിയറയില്‍ മാത്രമൊതുങ്ങിയ രഹസ്യം ടെക്കികള്‍ പുറത്തുകൊണ്ടുവന്നിരിക്കുന്നു.

നോക്കിയ എക്സ്‌ 2 എന്നു പേരിട്ടിരിക്കുന്ന പുതിയ ആന്‍ഡ്രോയിഡ്‌ സ്മാര്‍ട്ട്‌ ഫോണിന്റെ ചില പ്രധാനപ്പെട്ട സാങ്കേതിക വിവരങ്ങളാണ്‌ പുറത്തായിരിക്കുന്നത്‌. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന അനൗദ്യോഗിക വിവരങ്ങളനുസരിച്ച്‌ 1 ജിബി റാം, 4 ജിബി ഇന്റേണല്‍ മെമ്മറി, സ്നാപ്പ്ഡ്രാഗണ്‍ 200 പ്രോസസര്‍ തുടങ്ങിയവയാണ്‌ നോക്കിയ എക്സ്‌ 2വിനു കരുത്ത്‌ പകരുന്നത്‌.

512 എംബി റാം, സ്നാപ്ഡ്രാഗണ്‍ എസ്‌4 പ്ലേ പ്രൊസസര്‍ തുടങ്ങിയവയായിരുന്നു എക്സ്‌ 1ല്‍ ഉപയോഗിച്ചിരുന്നത്‌. 2015 ആദ്യം തന്നെ നോക്കിയ എക്സ്‌ 2 വിപണിയിലെത്തിയേക്കുമെന്നാണ്‌ സൂചന.  ഇന്ത്യന്‍ കമ്പനികള്‍ നിര്‍മിക്കുന്ന വിലക്കുറഞ്ഞ ആന്‍ഡ്രോയിഡ്‌ സ്മാര്‍ട്ട്ഫോണുകള്‍ രാജ്യത്തു വന്‍ഡിമാന്റാണുള്ളത്‌. ഈ സാഹചര്യം പരമാവധി മുതലാക്കുക എന്ന ലക്ഷ്യവും കമ്പനിക്കുണ്ട്.