ഫോണുകൾക്കെല്ലാം ഓരേ ചാർജർ, പുതിയ നിയമം 2025 ഓടെ നിലവിൽ?

അഭിറാം മനോഹർ
ബുധന്‍, 26 ജൂണ്‍ 2024 (19:09 IST)
രാജ്യത്ത് വില്‍ക്കുന്ന സ്മാര്‍ട്ട് ഫോണുകള്‍ക്കും ടാബ്ലെറ്റുകള്‍ക്കും ഒരേ ചാര്‍ജര്‍ വേണമെന്ന നയം 2025 മുതല്‍ നടപ്പാക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച് ഉപകരണ നിര്‍മാതാക്കള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായാണ് വിവരം. യൂറോപ്യന്‍ യൂണിയന്‍ മാതൃകയില്‍ എല്ലാ ഉപകരണങ്ങള്‍ക്കും ടൈപ്പ് സി ചാര്‍ജര്‍ നല്‍കാനാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.
 
ലാപ്‌ടോപ്പ് നിര്‍മാതാക്കളോടും ടൈപ്പ് സി ചാര്‍ജിങ് പോര്‍ട്ടിലേക്ക് മാറാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും 2026 ഓടെ മാത്രമാകും ഇത് പ്രാബല്യത്തിലാകുക. ഇലക്ട്രിക് ഉപകരണങ്ങള്‍ക്കെല്ലാം ഒരേ ചാര്‍ജര്‍ നിര്‍ബന്ധമാക്കുന്നതിന്റെ ഭാഗമായി 2022ല്‍ കേന്ദ്രസര്‍ക്കാര്‍ വിദഗ്ധ സംഘത്തെ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനായി ചുമതലപ്പെടുത്തിയിരുന്നു. വിവിധ ഫോണ്‍,ഇലക്ട്രോണിക് ഉപകരണ നിര്‍മാതാക്കളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു ഇത്.
 
 കാര്‍ബണ്‍ ബഹിര്‍ഗമനം തടയുന്നതിന്റെ ഭാഗമായി ആഗോളതലത്തില്‍ സ്വീകരിച്ചുവരുന്ന നടപടികളുടെ ഭാഗമായാണ് ഇത്. ഇലക്ട്രോണിക് ഉപകരണങ്ങള്‍ വഴിയുള്ള മാലിന്യം സൃഷ്ടിക്കപ്പെടുന്നത് കുറയുന്നതിന് തീരുമാനം സഹായകമാകും. ഇതോടെ ഫോണ്‍,ലാപ്‌ടോപ്പ് മറ്റ് ഉപകരണങ്ങള്‍ എന്നിവ ചാര്‍ജ് ചെയ്യുന്നതിനായി ഉപഭോക്താവിന് ഒരു ചാര്‍ജര്‍ കൈവശം വെച്ചാല്‍ മതിയാകും.

അനുബന്ധ വാര്‍ത്തകള്‍

Next Article