15ആം പിറന്നാളിൽ ലോഗോയിൽ ഉൾപ്പടെ നിരവധി മാറ്റങ്ങളുമായി ഗൂഗിൾ മാപ്പ് !

Webdunia
വെള്ളി, 7 ഫെബ്രുവരി 2020 (16:11 IST)
15ആം പിറന്നാളിനോടനുബന്ധിച്ച് ലോഗോയിൽ ഉൾപ്പടെ ഒരു പിടി മാറ്റങ്ങൾ ഉപയോക്താക്കൾക്ക് സമ്മാനിയ്ക്കുകയാണ് ഗൂഗിൾ മാപ്പ്. രൂപത്തിലും ഭാവത്തിലും കൂടുതൽ യുവത്വം നൽകുന്നതാണ് പുതുയ മാറ്റങ്ങൾ. ഗൂഗിൾ മാപ്പിൽ സ്ഥലങ്ങൾ അടയാലപ്പെടുത്തുന്നതിനായി ഉപയോഗിയ്ക്കുന്ന പിൻ ഐക്കണാണ് ഇനി മുതൽ ഗുഗിൾ മാപ്പിന്റെ ലോഗോ. 
 
എക്‌സ്‌പ്ലോര്‍, കമ്മ്യൂട്ട്, സേവ്ഡ്, കോണ്‍ട്രിബ്യൂട്ട് എന്നിങ്ങനെ പുതിയ ഈസി ആക്സസ് ടാബുകളും ഗൂഗിൾ മാപ്പിൽ ലഭ്യമാകും. നിലവിലെ അപ്ഡേറ്റിൽ പരിഷ്കരിച്ച ലോഗോ മാത്രമായിരിയ്ക്കും ദൃശ്യമാവുക, ടാബുകൾ ഉടൻ തന്നെ മാപ്പിൽ ലഭ്യമാക്കും, ഗൂഗിൾ മാപ്പ് ഉപയോഗം കൂടുതൽ ലളിതവും കാര്യക്ഷമവുമാക്കുന്നതാണ് പുതിയ ഈസി ആക്സസ് ടാബുകൾ.  
 
നമ്മൾ നിൽക്കുന്ന പ്രദേശത്തിന് ചുറ്റുമുള്ള ആകർഷകമായ ഇടങ്ങളെ പരിചയപ്പെടുത്തുന്നതായിരിയ്ക്കും എക്സ്‌പ്ലോറർ ടാബ്. അടുത്തുള്ള പാർക്കുകൾ, റസ്റ്റോറെന്റുകൾ എന്നിവയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഈ ടാബ് നൽകും. ദൈനംദിന യാത്രകളിൽ സഹായിക്കുന്നതാണ് കമ്മ്യൂട്ട് ടാബ്, വഴികളെ കുറിച്ചും തൽസമയ ഗതാഗത വിവരങ്ങൾ അറിയുന്നതിനും ഈ ടാബ് സഹായിയ്ക്കും.
 
ഇഷ്ടപ്പെടുന്നതും പോകാൻ ആഗ്രഹിയ്ക്കുന്നതുമായ സ്ഥലങ്ങൾ സേവ് ചെയ്തുവയ്ക്കുന്നതിനുള്ളതാണ് സേവ്ഡ് എന്ന ടാബ്, ഭാവി യാത്രകൾ കൃത്യമായി പ്ലാൻ ചെയ്യുന്നതിനാണ് ഇത്. നമ്മൾ സന്ദർശിച്ച ഇടങ്ങളെ കുറിച്ച് വിവരങ്ങൾ നൽകുന്നതിനാണ് കോൺട്രിബ്യൂട്ട് എന്ന ടാബ്. നമ്മൾ നൽകുന വിവരങ്ങൾ എക്സ്പ്ലോറർ ടാബിലൂടെ മറ്റുള്ളവർക്ക് കാണാനാകും. 2005ലാണ് ഗൂഗിൾ മാപ്പ് സേവനം ആരംഭിയ്ക്കുന്നത് നിലവിൽ 100 കോടിയിലധികം ആളുകൾ ഗൂഗിൾ മാപ്പ് ഉപയോഗിയ്ക്കുന്നുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article