ഫേസ്ബുക്ക് വാര്‍ത്താ മാധ്യമമാകുന്നു, ഇനി വാര്‍ത്തകള്‍ തടസമില്ലാതെ വായിക്കാം

Webdunia
വ്യാഴം, 14 മെയ് 2015 (13:38 IST)
സോഷ്യല്‍ മീഡിയ എന്ന നിലയില്‍ നിന്നും വാര്‍ത്ത മാധ്യമം എന്ന നിലയിലേക്ക് ചുവട്മാറ്റി ചവിട്ടാന്‍ ഫേസ്ബുക്ക് നീക്കം തുടങ്ങി. ഒരേസമയം സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമായും വാര്‍ത്താ മാധ്യമങ്ങളുടെ ജാലകമായും പ്രവര്‍ത്തിക്കാനുള്ള സംവിധാനം ഫേസ്ബുക്ക് നടപ്പിലാക്കി തുടങ്ങി. ഇതിന്റെ ഭാഗമായി ഇന്‍സ്റ്റന്റ് ആര്‍ട്ടിക്കിള്‍ സംവിധാനം ഫേസ്ബുക്ക് ഔദ്യോഗികമായി ആരംഭിച്ചു. സോഷ്യല്‍ മീഡിയയില്‍ നിന്നാണ് അമേരിക്ക പോലുള്ള രാജ്യത്തെ ജനങ്ങളില്‍ 40 ശതമാനത്തില്‍ ഏറെയും വാര്‍ത്തകള്‍ അറിയുന്നത് എന്ന റിപ്പോര്‍ട്ടാണ് ഇത്തരം ഒരു ആശയത്തിലേക്ക് ഫേസ്ബുക്കിനെ നയിച്ചത്.

ന്യൂസ് ഫീഡും വിഡിയോകളും ഷെയര്‍ ചെയ്യാനുള്ള പ്ലാറ്റ്‌ഫോമാണ്  ഫേസ്ബുക്ക് ആരംഭിച്ചിരിക്കുന്നത്. ഈ സംവിധാനം ഏറെ പ്രയോജനം ചെയ്യുന്നത് വാര്‍ത്താ മാധ്യമങ്ങള്‍ക്കും, പരസ്യരംഗത്തുളളവര്‍ക്കുമാണ്. ഇന്‍സ്റ്റന്റ് ആര്‍ട്ടിക്കിള്‍ സംവിധാനം ഉപയോഗിക്കുന്നവരുടെ വാര്‍ത്തകളും വീഡിയോകളും  ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്ക് ന്യൂസ് ഫീഡില്‍ നിന്ന് തന്നെ അറിയാന്‍ സാധിക്കും. നിലവിലെ ലിങ്കുകളില്‍ ക്ലിക്ക് ചെയ്ത് പോയി വാര്‍ത്തകള്‍ വായിക്കുന്നതിനേക്കാള്‍ പത്തിരട്ടി വേഗത്തില്‍ വാര്‍ത്തകള്‍ വായിക്കാന്‍ ഇന്‍സ്റ്റന്റ് ആര്‍ട്ടിക്കിള്‍ വഴി സാധിക്കും എന്നാണ് ഫേസ്ബുക്ക് പറയുന്നത്.

നിലവില്‍ ലിങ്ക് ഷെയര്‍ ചെയ്യാന്‍ മാത്രമാണ് ഫേസ്ബുക്കില്‍ സംവിധാനമുള്ളത്. ഈ രീതിയാണ് ഭൂരിഭാഗം മാധ്യമങ്ങളും പിന്തുടരുന്നത്.  അതേസമയം കൂടുതല്‍ ഉപയോക്താക്കളെ കിട്ടുന്നതില്‍ ഉപരി ഫേസ് ബുക്കിന് ഇതുവഴി കൂടുതല്‍ വരുമാനം ഈവഴി ലഭിക്കും. ഇന്‍സ്റ്റന്റ് സംവിധാനത്തില്‍ തങ്ങളുടെ വാര്‍ത്തകള്‍ പോസ്റ്റ് ചെയ്യുന്ന മാധ്യമങ്ങളുടെ വരുമാനം രണ്ട് രീതിയിലാണ് ഫേസ്ബുക്ക് നല്‍കുന്നത്. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്ന വാര്‍ത്തയോടൊപ്പം മാധ്യമങ്ങള്‍ക്ക് പരസ്യം ചെയ്യാം. അതല്ലെങ്കില്‍ ഗൂഗിള്‍ പരസ്യമോഡലില്‍ ഫേസ്ബുക്ക് പരസ്യം നല്‍കും, ഇതിന്റെ വരുമാനത്തില്‍ 30 ശതമാനം പക്ഷെ ഫേസ്ബുക്കിന് അവകാശപ്പെട്ടതാണ്. അതായത് പബ്ലിഷര്‍ക്ക് ഗൂഗിളിനേക്കാള്‍ മികച്ച അവസരമാണ് ഫേസ്ബുക്ക് ഒരുക്കുന്നത്.

ആദ്യഘട്ടത്തില്‍ ഐഫോണ്‍ ഫേസ്ബുക്ക് ആപ്ലികേഷന്‍ ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഈ സൌകര്യം ലഭ്യമാകു. ന്യൂയോര്‍ക്ക് ടൈംസ്, ബസ്ഫീഡ്, നാഷണല്‍ ജിയോഗ്രഫിക് എന്നിവയാണ് ഇന്‍സ്റ്റന്റ് ആര്‍ട്ടിക്കിളിലൂടെ ഫേസ്ബുക്ക് തുടക്കത്തില്‍ ലഭ്യമാക്കിയിരിക്കുന്നത്. ഇവരുടെ ഇന്‍ഫോഗ്രാഫുകള്‍ അടക്കം മള്‍ട്ടിമീഡിയന്യൂസുകള്‍ തന്നെ ന്യൂസ് ഫീഡില്‍ കിട്ടും. ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സൂക്കര്‍ബര്‍ഗിന്‍റെ ജന്മദിനത്തിലാണ് ഈ പരിപാടി ഫേസ്ബുക്ക് ആരംഭിച്ചത്.  ഫേസ്ബുക്ക് എന്നത് ഒരു ഇന്‍റര്‍നെറ്റ് ഉപയോക്താവിന്‍റെ മുഴുവന്‍ സമയ 'ഡെസ്റ്റിനേഷന്‍' ആക്കുക എന്ന രീതിയിലേക്ക് മാറ്റുക എന്ന നീക്കത്തിന്റെ ഭാഗമായാണ് ഈ പുതിയ പരിഷ്കാരങ്ങള്‍ തുടങ്ങിയിരിക്കുന്നതെന്നാണ് സൂചന.