യാഹൂ മെസേജ് നവീകരണത്തില്‍

Webdunia
സെര്‍ച്ച് എഞ്ചിന്‍ ഭീമനായ യാഹൂ സ്വന്തം മെസെജിംഗ് സേവനങ്ങള്‍ നവീകരിക്കാനുള്ള നീക്കമാണ് നടത്തുന്നത്. മെസേജിംഗ് സേവനങ്ങള്‍ക്കൊപ്പം വീഡിയോയും ചിത്രങ്ങളും ഷെയര്‍ ചെയ്യാനുള്ള മീഡിയാ പ്ലേയിംഗ് സംവിധാനങ്ങള്‍, ലാര്‍ജ് ഫയല്‍ ട്രാന്‍സ്ഫര്‍, പുതിയ ഭാഷാ സംവിധാനങ്ങള്‍ എന്നിവ ഉള്‍പ്പെടിത്തിയാണ് പുതിയ വരവ്.

എതിരാളികളായ പല കമ്പനികളും ഈ സംവിധാനമെല്ലാം ഉള്‍പ്പെടുത്തുന്നതോടെയാണ് യാഹൂവും ഈ വഴിക്ക് ചിന്തിക്കുന്നത്. ഈ സവിശേഷതകളുമായി യാഹൂ 9.0 അണിയറയില്‍ പരീക്ഷണത്തിലാണ്. ഏറെ താമസിയാതെ തന്നെ ഉപഭോക്താക്കളെ തേടി ഈ സംവിധാനങ്ങള്‍ എത്തും.

ഒരു പക്ഷേ മെസേജിനൊപ്പം തന്നെ പുതിയ ടേബിളില്‍ വീഡിയോകളും ഫോട്ടോകളും ഷെയര്‍ ചെയ്യാനുള്ള സംവിധാനവും ഒരുക്കിയേക്കാം. ആറു പുതിയ ഭാഷകളും ഈ സംവിധാനത്തിലേക്ക് എത്തും. ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, മലേഷ്യ, തായ്‌ലാന്‍ഡ്, ഇന്ത്യാ, വിയറ്റ്‌നാം എന്നിവയെല്ലാം ഇക്കൂട്ടത്തിലുണ്ട്.

കമ്പ്യൂട്ടറുകളില്‍ നിന്നും അകലെയാണെങ്കില്‍ പോലും മെസേജ് മൊബൈലിലേക്ക് ഫോര്‍വേഡ് ചെയ്യാനാകും. യാഹൂവിന്‍റെ ഉടനടി സന്ദേശ സൌകര്യം പ്രയോജനപ്പെടുത്തുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നതായിട്ടാണ് അവരുടെ കണക്കുകള്‍ ബോധ്യപ്പെടുത്തുന്നത്. കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും 19 ശതമാനം വര്‍ദ്ധനവാണ് ഉപഭോക്താക്കളുടെ കാര്യത്തില്‍ ഉണ്ടായത്. ഇത് സെപ്തംബറില്‍ 27.7 ശതമാനമായി.