മഹാരാഷ്ട്ര സ്കൂളില്‍ മൊബൈല്‍ വേണ്ട

Webdunia
തിങ്കള്‍, 16 ഫെബ്രുവരി 2009 (17:37 IST)
സ്കൂളുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം നിരോധിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചു. കുട്ടികള്‍ക്കിടയില്‍ മൊബൈല്‍ ഫോണ്‍ ദുരുപയോഗം വര്‍ധിച്ചതിനെ തുടര്‍ന്നാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് സര്‍ക്കാര്‍ അറിയിച്ചു. നേരത്തെ തമിഴ്നാട്ടിലെയും കേരളത്തിലെയും സ്കൂള്‍ കോമ്പൌണ്ടുകളില്‍ മൊബൈല്‍ ഫോണ്‍ നിരോധിച്ചിരുന്നു.

കുട്ടികളുടെ മൊബൈല്‍ ഫോണ്‍ ദുരുപയോഗത്തെ കുറിച്ച് പത്രങ്ങള്‍ നിരന്തരം റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. പുതിയ നിയമ ഉത്തരവ് ഉടന്‍ തന്നെ നടപ്പില്‍ വരുത്തുമെന്ന് മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി പതന്‍‌ഗ്രാവോ കാദം അറിയിച്ചു

അതേസമയം, വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ അധ്യാപകര്‍ക്ക് ഇടയിലും മൊബൈല്‍ ഫോണ്‍ നിരോധിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഇത് സംബന്ധിച്ച് നിരവധി രക്ഷിതാക്കള്‍ പരാതി ഉന്നയിച്ച സാഹചര്യത്തിലാണിത്. ക്ലാസെടുക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കുട്ടികളുടെ പഠനത്തെ തടസ്സപ്പെടുത്തുന്നുണ്ടെന്നാണ് പരാതി. ഇത്തരമൊരു സാഹചര്യത്തില്‍ അധ്യാപകര്‍ക്കിടയില്‍ ഫോണ്‍ നിയന്ത്രണം കൊണ്ടുവരാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.