നിധി കണ്ടെത്താന്‍ ഗൂഗിള്‍ എര്‍ത്ത്

Webdunia
വ്യാഴം, 12 ഫെബ്രുവരി 2009 (15:37 IST)
ഭൂമിയില്‍ ഒളിഞ്ഞിരിക്കുന്ന നിധി കണ്ടെത്താന്‍ സാധിച്ചിരുന്നെങ്കില്‍? സംശയിക്കേണ്ട, ഗൂഗിള്‍ എര്‍ത്ത് ഉപയോഗിച്ച് അത് യാഥാര്‍ത്ഥ്യമാകാന്‍ പോകുകയാണെന്ന് ലോസ് ഏഞ്ചല്‍സില്‍ നിന്നുള്ള പാട്ടുകാരന്‍ നഥാന്‍ സ്മിത്ത് പറയുന്നു. 1822ല്‍ ടെക്സാന്‍ കടല്‍ത്തീരത്ത് തകര്‍ന്ന ഒരു സ്പാനിഷ് കപ്പല്‍ ഗൂഗിള്‍ എര്‍ത്തിന്‍റെ സഹായത്തോടെ കണ്ടെത്തി എന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്.

തകര്‍ന്ന കപ്പലില്‍ കോടാനുകോടി ഡോളര്‍ വിലമതിക്കുന്ന നിധി ഉണ്ടവുമെന്ന വിശ്വാസത്തില്‍ ഗൂഗിള്‍ എര്‍ത്ത് ഉപയോഗിച്ച് സ്മിത്ത് ടെക്സാന്‍ കടല്‍ പ്രദേശം സൂം ചെയ്ത് കപ്പല്‍ എവിടെ വച്ചാണ് തകര്‍ന്നതെന്ന് കണ്ടെത്തുകയായിരുന്നു.

പിന്നീട് വിദഗ്ധരുടെ സഹായത്തോടെ സ്മിത്ത് പ്രദേശത്ത് മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് ഗവേഷണം നടത്തുകയും നിധി അടക്കം ചെയ്ത പേടകം കണ്ടെത്തുകയുമായിരുന്നു. പക്ഷേ, നിധി കണ്ടെത്തിയെങ്കിലും ഇത് നേടാനുള്ള നിയമപോരാട്ടത്തിലാണ് സ്മിത്ത്. കപ്പല്‍ തകര്‍ന്ന പ്രദേശത്ത് മൂന്ന് ബ്യല്യന്‍ ഡോളറിന്‍റെ നിധിയെങ്കിലും ഉണ്ടാകുമെന്നാണ് കരുതുന്നത്.