ജയിലില്‍ ഐപാഡ് വേണമെന്ന് ബല്‍വ

ബുധന്‍, 25 മെയ് 2011 (11:22 IST)
PRO
PRO
ജയിലില്‍ തനിക്ക് ഐപാഡ് ഉപയോഗിക്കാന്‍ അനുവാദം നല്‍കണമെന്ന് ടു ജി സ്പെക്ട്രം അഴിമതി കേസിലെ പ്രതി ഷാഹിദ് ബല്‍വ. ഇക്കാര്യം ആവശ്യപ്പെട്ട് ഷാഹിദിന്‍റെ സഹോദരനും കുസേഗാവ് ഫ്രൂട്ട്‌സ് ആന്‍ഡ് വെജിറ്റബിള്‍സ് ഡയറക്റ്റുമായ ആസിഫ് ബല്‍വ ഡല്‍ഹി ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി.

സിബിഐ സമര്‍പ്പിച്ച 85,000 പേജുള്ള കുറ്റപത്രം വായിക്കാനാണ് ഐപ്പാഡ് ആവശ്യപ്പെടുന്നതെന്ന് അപേക്ഷയില്‍ പറയുന്നു.കുറ്റപത്രം വളരെ വലുതാണ്. ഇതു കൊണ്ടു നടക്കാനോ സൂക്ഷിക്കാനോ വായിക്കാനോ എളുപ്പമല്ല. ഈ സാഹചര്യത്തില്‍ കുറ്റപത്രം വായിക്കാന്‍ ഐപാഡ് അനുവദിക്കണം. സ്വന്തം ചെലവില്‍ ഐപാഡ് വാങ്ങിക്കൊള്ളാമെന്നും അപേക്ഷയില്‍ പറയുന്നു.

ജയിലില്‍ ബല്‍വയ്ക്ക് എയര്‍ കൂളര്‍ അനുവദിക്കണമെന്നും അപേക്ഷയില്‍ പറയുന്നു. ജയില്‍ മാനുവല്‍ അനുസരിച്ച് തന്നെ വെജിറ്റേറിയന്‍ ഭക്ഷണം നല്‍കണമെന്നും ബല്‍വ ആവശ്യപ്പെടുന്നുണ്ട്. പ്രത്യേക സജ്ജീകരണങ്ങളുടെ ചെലവ് സ്വയം വഹിക്കാമെന്നും ബല്‍വ അപേക്ഷയില്‍ പറയുന്നു.

അപേക്ഷയില്‍ കേന്ദ്രസര്‍ക്കാരിനും തിഹാര്‍ ജയില്‍ സൂപ്രണ്ടിനും നോട്ടീസ് അയയ്ക്കാന്‍ ജസ്റ്റിസ് എസ് മുരളീധരന്‍ ആവശ്യപ്പെട്ടിരുന്നു. സുരക്ഷാ പ്രശ്നങ്ങളെത്തുടര്‍ന്ന് ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്നു തിഹാര്‍ ജയില്‍ വക്താവ് സുനില്‍ ഗുപ്ത അറിയിച്ചു. എന്നാല്‍ ഐപാഡ് ഉപയോഗിക്കുന്നതു മൂലം യാതൊരു പ്രശ്നങ്ങളുമില്ലെന്ന് ഐടി വിദഗ്ധര്‍ പറയുന്നു. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ ബുധനാഴ്ച നിലപാട് വ്യക്തമാക്കും.

വെബ്ദുനിയ വായിക്കുക