കുട്ടികളെ സൂക്ഷിക്കുക ! ഞെട്ടിപ്പിക്കുന്ന 'ബ്ലൂ വെയ്ല്‍ ചലഞ്ച്' കേരളത്തിലെത്തി; 14 കാരന് സംഭവിച്ചത് !

Webdunia
വ്യാഴം, 3 ഓഗസ്റ്റ് 2017 (09:45 IST)
ആത്മഹത്യാ ഗെയിം എന്ന പേരില്‍ അറിയപ്പെടുന്ന ‘ബ്ലൂ വെയില്‍’ കേരളത്തിലുമെത്തി. വന്‍ വിവാദമായ ഈ ഗെയിം 2000ലധികം പേര്‍ ഡൗണ്‍ലോഡ് ചെയ്തതായി പൊലീസ് അറിയിച്ചു. രക്ഷിതാക്കള്‍ക്ക് കനത്ത ജാഗ്രതാ നിര്‍ദ്ദേശമാണ് പൊലീസ് നല്‍കിയിരിക്കുന്നത്.
 
കഴിഞ്ഞ മാസം പാലക്കാടുള്ള നാല് കുട്ടികള്‍ കെഎസ്ആര്‍ടിസി ബസില്‍ കടല്‍ കാണുന്നതിനായി പോയിരുന്നു. ഗെയിമിന്റെ സ്വാധീനത്തിലാണ് ഇതെന്നാണ് സംശയിക്കപ്പെടുന്നത്. രക്ഷിതാക്കള്‍ കുട്ടികളുടെ മൊബൈലുകള്‍ പരിശോധിച്ച വേളയില്‍ കുട്ടികള്‍ ഈ ഗെയിം കളിക്കുന്നതായി ശ്രദ്ധയില്‍പ്പെടുകയും ചെയ്തിരുന്നു.
 
ഓണ്‍ലൈന്‍ സൈറ്റുകളില്‍ പരസ്യം നല്‍കുന്ന ഏജന്‍സികളാണ് സംസ്ഥാനത്ത് ഗെയിം പ്രചരിക്കുന്ന വിവരം കണ്ടെത്തിയത്. ഇത് സംബന്ധിച്ച് എന്തുവിവരം ലഭിച്ചാലും അത് കൈമാറണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.
സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന ഓണ്‍ലൈന്‍ ഗെയിമാണ് ബ്ലൂവെയില്‍ ചാലഞ്ച്. 
 
റഷ്യയാണ് ഈ ഗെയിമിന്റെ ഉത്ഭവം. ഒരുതരം ചലഞ്ച് ഗെയിമാണിതെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ ആദ്യഘട്ടത്തില്‍ ഒരു വെള്ള പേപ്പറില്‍ നീല നിറത്തിലുള്ള തിമിംഗലത്തെ വരയ്ക്കാന്‍ ആവശ്യപ്പെടുകയാണ് ചെയ്യുജ. അന്‍പത് ദിവസത്തിനുള്ളില്‍ അന്‍പത് ഘട്ടങ്ങള്‍ പൂര്‍ത്തികരിക്കുകയും വേണം. 
 
അതേസമയം, ഇത്രയും ഘട്ടങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സ്വയം മുറിവേല്‍പ്പിക്കുന്നടക്കമുള്ള കാര്യങ്ങള്‍ ചെയ്യുകയും വേണം. ഗെയിമിന്റെ ഏറ്റവും ഒടുവിലാണ് ആത്മഹത്യ ചെയ്യാന്‍ ആവശ്യപ്പെടുന്നത്. ഗെയിമില്‍ ആകൃഷ്ടരായവര്‍ ഇതും ചെയ്യാന്‍ മടിക്കില്ലെന്നാണ് സൈബര്‍ വിദഗ്ദര്‍ നല്‍കുന്ന മുന്നറിയിപ്പ്.
 
വിവിധ രാജ്യങ്ങളിലായി 530 പേര്‍ ഇതിനോടകം ഗെയിമിന് ഇരയായി. കളിപ്പിച്ച് ഒടുക്കം ജീവനെടുക്കുന്ന ഗെയിം നിരവധി രാജ്യങ്ങളില്‍ നിരോധിച്ചിട്ടുണ്ട്. ഗെയിമിന്റെ സ്വാധീനത്തിലാണ് കഴിഞ്ഞ ദിവസം മുംബൈയില്‍ മന്‍പ്രീത് സിങ് സഹാനി എന്ന പതിനാലുകാരന്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്.  
Next Article