ഐഫോണ്‍ വില്‍‌പന 17 ദശലക്ഷം കവിഞ്ഞു

Webdunia
ഞായര്‍, 22 മാര്‍ച്ച് 2009 (17:00 IST)
ലോകോത്തെ പ്രമുഖ സെല്‍ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിളിന്‍റെ ഐഫോണ്‍ വില്‍പന കുതിച്ചുയരുകയാണ്. ഇതു വരെ 17 ദശലക്ഷം ഐഫോണ്‍ വില്‍‌പന നടത്തിയെന്നാണ് ആപ്പിള്‍ മാര്‍ക്കറ്റിംഗ് വിഭാഗം അറിയിച്ചത്. ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് മറ്റു കമ്പനികളൊക്കെ തകര്‍ച്ച നേരിട്ടുക്കൊണ്ടിരിക്കുന്ന അവസരത്തിലാണ് ആപ്പിളിന്‍റെ ഇത്തരമൊരു നേട്ടമെന്നത് ശ്രദ്ധേയമാണ്.

ത്രീജി ഐഫോണ്‍, വിപണിയില്‍ ഇറങ്ങിയത് മുതല്‍ വന്‍ കുതിപ്പാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ആപ്പിള്‍ നല്‍കുന്ന വ്യത്യസ്തമായ സേവനങ്ങളാണ് ഐഫോണ്‍ വിപണിയെ ജനപ്രിയമാക്കിയത്. അതേസമയം, ആപ്പിളിന്‍റെ ഏറ്റവും പുതിയ ഐഫോണ്‍ സോഫ്റ്റ്വയര്‍ 3.0 പതിപ്പ് കഴിഞ്ഞ ആഴ്ചയാണ് പുറത്തിറക്കിയിരുന്നു. 2008ല്‍ 13.7 ദശലക്ഷം ഐഫോണുകള്‍ വില്‍‌പന നടത്തിയതായി ഐഫോണ്‍ മാര്‍ക്കറ്റിംഗ് വക്താവ് അറിയിച്ചു.

ഐഫോണ്‍ ഒഎസില്‍ പ്രവര്‍ത്തിക്കുന്ന 30 ദശലക്ഷം ഡിവൈസുകള്‍ വില്‍‌പന നടത്തി. ഇതിനുപുറമെ ആപ്പിളിന്‍റെ ഐപോഡും ജനപ്രിയമാണ്. ആപ്പിളിന്‍റെ ഓണ്‍ലൈന്‍ സ്റ്റോറില്‍ നിലവില്‍ 25,000 അപ്ലിക്കേഷനുകള്‍ വില്‍‌പനയ്ക്ക് ലഭ്യമാണ്. ഇതുവരെ 800 ദശലക്ഷം പേര്‍ ആപ്പിളിന്‍റെ വിവിധ ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്തതായും കമ്പനി അധികൃതര്‍ അറിയിച്ചു.