ഐടി തൊഴിലാളിയാകാന്‍ തട്ടിപ്പ്

Webdunia
ചൊവ്വ, 19 ഓഗസ്റ്റ് 2008 (13:17 IST)
PTIPTI
ഇന്ത്യയില്‍ ഐ ടി തൊഴില്‍മേഖലയില്‍ വിപ്ലവം സംഭവിക്കുമ്പോള്‍ തൊഴില്‍ ദായകര്‍ വിചിത്രമായ മറ്റൊരു പ്രതിസന്ധി നേരിടുന്നു എന്ന്‌ റിപ്പോര്‍ട്ടുകള്‍. ഐ ടി തൊഴില്‍ അന്വേഷികള്‍ സമര്‍പ്പിക്കുന്ന ഓരോ നാല്‌ സിവികളില്‍ ഒന്ന്‌ വീതം വ്യാജമാണ്‌ എന്നാണ്‌ കണ്ടെത്തിയിരിക്കുന്നത്‌.

കള്ള സി വി ഉണ്ടാക്കി തൊഴില്‍ തേടാന്‍ ശ്രമിക്കുന്നവരുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിച്ചു വരികയാണത്രേ. കള്ള സി വികള്‍ക്ക്‌ ഇടയില്‍ നിന്ന്‌ കഴിവുള്ളവരെ കണ്ടെത്തുക പ്രയാസമായി മാറുന്നു.

തൊഴില്‍ അന്വേഷകരെ കുറിച്ച്‌ നിരീക്ഷിച്ച്‌ ബോധ്യപ്പെടാന്‍ ഐ ടി കമ്പനികള്‍ നിയോഗിക്കുന്ന സ്ഥാപനങ്ങളാണ്‌ ഈ പ്രശ്‌നം ചൂണ്ടികാട്ടുന്നത്‌.

തൊഴില്‍ അപേക്ഷയിലും ബയോഡേറ്റയിലും ഇല്ലാത്ത അവകാശവാദങ്ങള്‍ ഉള്‍കൊള്ളിക്കുക സ്ഥിരം പരിപാടിയായി മാറിയിട്ടുണ്ട്‌. രാജ്യത്തെ മുഖ്യ ഐ ടി തൊഴില്‍ദായകരായ ടി സി എസ്‌, സത്യം, കോഗ്നിസന്‍റ് തുടങ്ങിയ കമ്പനികള്‍ കര്‍ശനമായ നിരീക്ഷണമാണ്‌ ഇപ്പോള്‍ അപേക്ഷകളില്‍ നടത്തുന്നത്‌.