ഏഷ്യന്‍ ആശുപത്രികളെ സഹായിക്കാന്‍ മൈക്രൊസോഫ്റ്റ്

Webdunia
വെള്ളി, 27 ഫെബ്രുവരി 2009 (18:48 IST)
ഏഷ്യന്‍ രാജ്യങ്ങളിലെ ആശുപത്രികളെ സഹായിക്കാനായി മൈക്രോസോഫ്റ്റ് രംഗത്ത്. വൈദ്യരംഗത്തെ സേവനം വിപുലീകരിക്കുന്നതിനായി, ഏഷ്യ-പസഫിക് മേഖലയില്‍ ഉപയോക്താക്കളുടെ ഓണ്‍ലൈന്‍ ഗ്രൂപ്പും മൈക്രോസോഫ്റ്റ് തുടങ്ങിയിട്ടുണ്ട്. ഇതിനു പുറമെ തായ് സോഫ്റ്റ്വെയറില്‍ നിന്ന് മൈക്രൊസോഫ്റ്റ് വാങ്ങിയ പുതിയ സോഫ്റ്റ്വെര്‍ ഒമ്പത് ആശുപത്രികളില്‍ ഉപയോഗിച്ച് വരുന്നു.

മൈക്രോസോഫ്റ്റ് ഹെല്‍ത്ത് യൂസേര്‍സ് ഗ്രൂപ്പിലെ ഓണ്‍ലൈന്‍ അംഗങ്ങള്‍ക്ക് ഏഷ്യ-പസഫിക് രാജ്യങ്ങളിലെ ആരോഗ്യമേഖലയെ കുറിച്ചും, എവിടെയൊക്കെ എന്തൊക്കെ ആരോഗ്യ സേവനങ്ങള്‍ ലഭിക്കുമെന്നും മനസ്സിലാക്കാന്‍ സാധിക്കും.

1995 ല്‍ അമേരിക്കയിലാണ് എംഎസ്-ഹഗ്ഗിന് തുടക്കം കുറിക്കുന്നത്. ഏകദേശം 5,000 അംഗങ്ങളുള്ള ഈ ഗ്രൂപ്പിനെ സഹായിക്കാനായി വടക്കെ അമേരിക്ക, യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നായി 31 സഹകരണ സംഘങ്ങള്‍ ഇന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.

മലേഷ്യയില്‍ പദ്ധതി നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി മൈക്രോസോഫ്റ്റ് ഒരു ഹോസ്പിറ്റലുമായി കരാറിലെത്തിയിട്ടുണ്ട്. മലേഷ്യയില്‍ മൈക്രോസോഫ്റ്റ് സ്വന്തമാക്കുന്ന രണ്ടാമത്തെ ആശുപത്രിയാണ് ഇത്. ഇവിടങ്ങളിലെല്ലാം വിവര കൈമാറ്റത്തിന് പുതിയ സോഫ്റ്റവെയറാണ് ഉപയോഗിക്കുന്നത്.

ആരോഗ്യ മേഖലയക്ക് വേണ്ടിയുള്ള വിവര സാങ്കേതിക സേവനങ്ങള്‍ നല്‍കുന്ന ഗ്ലോബല്‍ കെയര്‍ സൊല്യൂഷന്‍സ്(ജിസിഎസ്)എന്ന സ്ഥാപനം നേരത്തെ തന്നെ മൈക്രോസോഫ്ട് ഏറ്റെടുത്തിരുന്നു.

190 രാജ്യങ്ങളില്‍ നിന്നുള്ള 120 ലക്ഷത്തോളം രോഗികളെ ചികിത്സിക്കുന്ന ബംറന്‍ഗ്രാഡ് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായുള്ള വിവര സാങ്കേതിക ഉപാധികള്‍ തയാറാക്കിയതും പരിപാലിക്കുന്നതും മൈക്രോസോഫ്റ്റിന്‍റെ ജിസിഎസ്സാണ്.