ഇന്‍‌ഫോസിസില്‍ 5000 പേര്‍ നിരീക്ഷണത്തില്‍

Webdunia
വ്യാഴം, 29 ജനുവരി 2009 (17:44 IST)
സാമ്പത്തിക പ്രതിസന്ധി ലോകമെമ്പാടുമുള്ള സ്ഥാപനങ്ങളെ ബാധിച്ച് തുടങ്ങിയ സാഹചര്യത്തില്‍ ഇന്ത്യന്‍ ഐടി ഭീമന്‍‌മാരായ ഇന്‍ഫോസിസ് ടെക്‌നോളജീസ് 5000 തൊഴിലാളികളെ നിരീക്ഷണത്തില്‍ വയ്ക്കുന്നു. പ്രതിസന്ധിയില്‍ തൊഴിലാളികളെ ആരെയും പിരിച്ച് വിടില്ലെന്ന് പ്രഖ്യാപിച്ച ഇന്ത്യന്‍ കമ്പനികളില്‍ ഒന്നാണ് ഇന്‍ഫോസിസ്.

ലോകത്താകമാനം ഏകദേശം ഒരു ലക്ഷത്തോളം തൊഴിലാളികളാണ് ഇന്‍ഫോസിസില്‍ ജോലി ചെയ്യുന്നത്. മോശമായ പ്രകടനം നടത്തുന്നവര്‍ക്ക് ഞങ്ങള്‍ പെര്‍ഫോമന്‍‌സ് മാനേജുമെന്‍റ് സിസ്റ്റം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അതില്‍ പങ്കെടുത്തിട്ടും മാറ്റമില്ലാത്തവരെ കമ്പനിയില്‍ നിന്നും പറഞ്ഞ് വിടുമെന്നും ഇന്‍ഫോസിസ് വക്താവ് അറിയിച്ചു.

ഇന്‍ഫോസിസ് ഇത് ആദ്യമായാണ് മോശമായ പ്രകടനം നടത്തുന്നവര്‍ക്ക് നിരീക്ഷണം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. മോശമായ പ്രകടനം കാഴ്ച വയ്ക്കുന്നവരെ ആറ് മാസത്തേക്ക് നിരീക്ഷണത്തില്‍ വയ്ക്കുകയും അതിനുശേഷം അവരുടെ ഇം‌പ്രൂവ്മെന്‍റിന്‍റെ അടിസ്ഥാനത്തില്‍ നടപടികള്‍ കൈക്കൊള്ളാനാണ് ഇന്‍ഫോസിസിന്‍റെ തീരുമാനം. പ്രത്യക്ഷമായി സാമ്പത്തിക പ്രതിസന്ധിയുടെ പേരിലല്ലെങ്കിലും കുറേ ഇന്‍ഫോസിസ് തൊഴിലാളികള്‍ക്ക് ജോലി പോകുമെന്ന് കമ്പനി ഈ പ്രവൃത്തിയിലൂടെ സൂചന നല്‍കി കഴിഞ്ഞു.