ഇനി ഫെയര്‍ചേസ് ഇല്ല

Webdunia
ശനി, 28 മാര്‍ച്ച് 2009 (17:59 IST)
യാഹു ബ്രീഫ്കേസിനു പുറകെ ഓണ്‍ലൈന്‍ ട്രാവല്‍ സേര്‍ച്ച് എഞ്ചിനായ ഫെയര്‍ ചേസും യാഹു അവസാനിപ്പിച്ചു. കഴിഞ്ഞ 25 മുതലാ‍ണ് ഈ സേവനം യാഹു നിര്‍ത്തലാക്കിയത്. ഫെയര്‍ചേസിന് പകരമായി ഉപയോക്താക്കള്‍ക്ക് ഇനി മുതല്‍ യാഹു ട്രാവല്‍ ഉപയോഗിക്കാമെന്ന് വെബ്സൈറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.

വിമാന കമ്പനികളുടെയും മറ്റ് ടൂര്‍ ഓപ്പറേറ്റര്‍മാരുടെയും വിവിധ തരത്തിലുള്ള ചെലവ് കുറഞ്ഞ യാത്രാ പാക്കേജുകളെക്കുറിച്ചും ബജറ്റ് എയര്‍ലൈന്‍സുകളെക്കുറിച്ചും എല്ലാം വിശദീകരിക്കുന്ന ഫെയര്‍ചേസ് യാത്രക്കാര്‍ക്ക് ഏറെ ഉപകാരപ്രദമായിരുന്നു.

2004 ലായിരുന്നു യാഹു ഈ സേവനം ആരംഭിച്ചത്. ഇനിമുതല്‍ ഫെയര്‍ ചേസില്‍ ക്ലിക്ക് ചെയ്യുന്ന ഉപയോക്താവ് നേരിട്ട് യാഹു ട്രാവലിലേക്കായിരിക്കും(ട്രാവല്‍ യാഹു.കോം) പ്രവേശിക്കുക. മോശം പ്രകടനം കാഴ്ചവയ്ക്കുന്ന വിഭാഗങ്ങള്‍ അടച്ചുപൂട്ടാനുള്ള പുതിയ സി ഇ ഒ കാരോള്‍ ബര്‍‌ട്സിന്‍റെ തീരുമാനപ്രകാരമാണ് ഫെയര്‍ചേസ് നിര്‍ത്തലാക്കിയത്.

വിവരങ്ങള്‍ ഓണ്‍ലൈനായി ശേഖരിച്ചുവയ്ക്കാന്‍ കഴിയുന്ന യാഹു ബ്രീഫ്കേസ് മാര്‍ച്ച് 30 മുതല്‍ ലഭ്യമാവില്ലെന്ന് യാഹു നേരത്തെ വ്യക്തമാക്കിയിരുന്നു. ഷോപ്പിംഗ് സേര്‍ച്ച് എഞ്ചിന്‍ കെല്‍ക്കൂ വില്‍ക്കാനും യാഹു തീരുമാ‍നിച്ചിട്ടുണ്ട്.