വിജയിച്ചത് നായകന്‍ സഞ്ജുവിന്റെ തന്ത്രം; ആ ഓവറില്‍ സംഭവിച്ചത്

Webdunia
ശനി, 23 ഏപ്രില്‍ 2022 (09:00 IST)
രാജസ്ഥാന്‍ റോയല്‍സ് ഉയര്‍ത്തിയ 222 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോര്‍ പിന്തുടരുമ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാംപില്‍ വിജയപ്രതീക്ഷ കുറവായിരുന്നു. എന്നാല്‍, നായകന്‍ റിഷഭ് പന്തും ഓപ്പണര്‍ പൃഥ്വി ഷായും സാഹചര്യത്തിനനുസരിച്ച് തകര്‍ത്തടിച്ചതോടെ മത്സരം തങ്ങളുടെ കയ്യില്‍ ആകുമെന്ന് ഡല്‍ഹി കരുതി. ഇടവേളകളില്‍ വിക്കറ്റുകള്‍ കൊഴിഞ്ഞത് ഡല്‍ഹിക്ക് തിരിച്ചടിയായെങ്കിലും റോവ്മാന്‍ പവല്‍ ക്രീസിലെത്തിയതോടെ ഡല്‍ഹിക്ക് വീണ്ടും നേരിയ വിജയപ്രതീക്ഷ വന്നതാണ്. 
 
18 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 12 പന്തില്‍ 36 റണ്‍സ്. ഒന്‍പത് പന്തില്‍ 16 റണ്‍സുമായി റോവ്മാന്‍ പവലും 21 പന്തില്‍ 37 റണ്‍സുമായി ലളിത് യാദവും ആയിരുന്നു ക്രീസില്‍. ആഞ്ഞുപിടിച്ചാല്‍ ഡല്‍ഹിക്ക് ജയിക്കാമെന്ന അവസ്ഥയായിരുന്നു. അവിടെയാണ് രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ തുറുപ്പുചീട്ടായ പ്രസിദ്ധ് കൃഷ്ണയെ കൊണ്ടുവന്നത്. 
 
ലോ ഫുള്‍ ടോസും ഓഫ് സ്റ്റംപിന് പുറത്തും എറിഞ്ഞ് പ്രസിദ്ധ് കൃഷ്ണ സഞ്ജുവിന്റെ വിശ്വാസം കാത്തു. വിക്കറ്റിനു പിന്നില്‍ നിന്ന് സഞ്ജു കൃത്യമായി നിര്‍ദേശം നല്‍കിയാണ് പ്രസിദ്ധ് കൃഷ്ണയെ പന്തെറിയിപ്പിച്ചത്. ഔട്ട്‌സൈഡ് ഓഫില്‍ എറിഞ്ഞ പന്ത് എഡ്ജ് എടുത്ത് ഓവറിലെ മൂന്നാം പന്തില്‍ ലളിത് യാദവ് മടങ്ങി. ക്യാച്ചെടുത്തത് നായകന്‍ സഞ്ജു തന്നെ. പിന്നീട് ബാറ്റ് ചെയ്യാനെത്തിയ കുല്‍ദീപ് യാദവിന് അടുത്ത മൂന്ന് പന്തില്‍ ഒരു റണ്‍സ് പോലും കണ്ടെത്താന്‍ സാധിച്ചില്ല. അതോടെ പ്രസിദ്ധ് കൃഷ്ണയുടെ നിര്‍ണായക ഓവര്‍ മെയ്ഡന്‍ ആയി. അവസാന ഓവറില്‍ എല്ലാ പന്തുകളും സിക്‌സ് അടിച്ചാല്‍ മാത്രം ഡല്‍ഹിക്ക് ജയിക്കാമെന്ന സ്ഥിതിവിശേഷവും. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article