ഐപിഎല്ലില്‍ വെള്ളിയാഴ്ച നടന്ന രാജസ്ഥാന്‍ റോയല്‍സ് vs ഡല്‍ഹി ക്യാപിറ്റല്‍സ് പോരാട്ടത്തിനിടെ നാടകീയ രംഗങ്ങള്‍. അംപയര്‍ നോ ബോള്‍ അനുവദിക്കാത്തതിന്റെ പേരില്‍ ടീം അംഗങ്ങളോട് കളി നിര്‍ത്തി തിരിച്ചുവരാന്‍ ഡല്‍ഹി നായകന്‍ റിഷഭ് പന്ത് ആവശ്യപ്പെട്ടു. അംപയര്‍ നോ ബോള്‍ വിളിക്കാത്തതിന്റെ പേരില്‍ പ്രതിഷേധിച്ച് ബാറ്റ്‌സ്മാന്‍മാരായ റോവ്മന്‍ പവലിനോടും കുല്‍ദീപ് യാദവിനോടും ഗ്രൗണ്ടില്‍ നിന്ന് മടങ്ങാന്‍ പന്ത് ആവശ്യപ്പെടുകയായിരുന്നു.
രാജസ്ഥാന്‍ താരം ഒബെദ് മക്കോയ് എറിഞ്ഞ 20-ാം ഓവറില്‍ ആദ്യ രണ്ട് പന്തുകളും റോവ്മാന്‍ പവല്‍ സിക്സര്‍ പറത്തി. ഒബെദ് മക്കോയ് മൂന്നാമത്തെ പന്തെറിഞ്ഞത് ഹിപ് ഹൈ ഫുള്‍ടോസ്, അതും സിക്സറിലേക്ക് പറത്തി വെസ്റ്റിന്‍ഡീസ് താരം. നോബോളിനായി പവലും ഒപ്പം ബാറ്റ് ചെയ്തിരുന്ന കുല്‍ദീപ് യാദവും ഫീല്‍ഡ് അംപയര്‍മാരായിരുന്ന നിതിന്‍ മേനോനോടും നിഖില്‍ പട്വര്‍ദ്ധനയോടും അപ്പീല്‍ ചെയ്തു. നോ ബോള്‍ വിളിക്കാനോ തീരുമാനം തേര്‍ഡ് അമ്പയറിലേക്ക് വിടാനോ ഫീല്‍ഡ് അമ്പയര്‍മാര്‍ തയ്യാറായില്ല. ഇതാണ് ഡല്‍ഹി ക്യാപ്റ്റനെ ചൊടിപ്പിച്ചത്.