ഐപിഎല്ലില്‍ രാജസ്ഥാന്റെ ആദ്യമത്സരം, സഞ്ജുവിന്റെ 50+ ഇത്തവണയില്ല, ആദ്യമത്സരങ്ങള്‍ നഷ്ടമാകും, സഞ്ജു തിരിച്ചെത്തുക ഈ മത്സരത്തില്‍
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2025 അടുത്തയാഴ്ചയോടെ ആരംഭിക്കാനിരിക്കെ ആരാധകരെല്ലാം ക്രിക്കറ്റ് ലഹരിയിലാണ്. നിലവിലെ ചാമ്പ്യന്മാരായ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരുവും തമ്മില്‍ മാര്‍ച്ച് 22നാണ് ഐപിഎല്ലിലെ ആദ്യമത്സരം. ഇതിനകം തന്നെ ടീമുകള്‍ തങ്ങളുടെ പരിശീലന സെഷനുകള്‍ ആരംഭിച്ചു കഴിഞ്ഞു. ഇത്തവണ ജോസ് ബട്ട്ലര്‍, ട്രെന്‍ഡ് ബോള്‍ട്ട് എന്നീ വലിയ താരങ്ങളില്ലാതെ ഇറങ്ങുന്ന രാജസ്ഥാന് പക്ഷേ ഐപിഎല്ലിന് മുന്‍പ് തന്നെ തിരിച്ചടിയേറ്റിരിക്കുകയാണ്. ഇംഗ്ലണ്ട് ടി20 പരമ്പരയ്ക്കിടെ കൈവിരലിന് പൊട്ടലേറ്റ സഞ്ജു ഇതുവരെയും രാജസ്ഥാന്‍ ക്യാമ്പിലെത്തിയിട്ടില്ല.
കഴിഞ്ഞ കുറച്ച് സീസണുകളിലായി രാജസ്ഥാന്റെ ആദ്യകളിയില്‍ സഞ്ജുവിന്റെ ഒരു 50+ പ്രകടനം സ്ഥിരമായുള്ളതാണ്. ഈ ഐപിഎല്ലില്‍ രാജസ്ഥാന്റെ ആദ്യമത്സരങ്ങളില്‍ സഞ്ജു കളിക്കില്ലെന്നാണ് ലഭിക്കുന്ന സൂചന. ഇതോടെ ആദ്യമത്സരത്തില്‍ രാജസ്ഥാനായുള്ള സഞ്ജുവിന്റെ ഫിഫ്റ്റി ആരാധകര്‍ക്ക് നഷ്ടമാകും. 23ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ് രാജസ്ഥാന്റെ ആദ്യമത്സരം. ബിസിസിഐയുമായി കരാറുള്ളതിനാല്‍ എന്‍സിഎയില്‍ പോയി ഫിറ്റ്‌നസ് തെളിയിച്ചെങ്കില്‍ മാത്രമെ സഞ്ജുവിന് ഐപിഎല്ലില്‍ കളിക്കാന്‍ സാധിക്കുകയുള്ളു. ഇതോടെ 26ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരവും സഞ്ജുവിന് നഷ്ടമാകും. മാര്‍ച്ച് 30ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തോടെയാകും അങ്ങനെയെങ്കില്‍ സഞ്ജു രാജസ്ഥാന്‍ ടീമിലെത്തുക.