ഇന്ത്യന്‍ ടീമില്‍ സ്ഥാനം പിടിക്കാന്‍ അര്‍ഹതയുള്ള താരമാണ് താനെന്ന് ഓരോ കളി കഴിയും തോറും ഉറക്കെ പ്രഖ്യാപിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍. സ്ഥിരതയില്ലാത്ത താരമെന്ന പഴികേട്ടിരുന്ന സഞ്ജുവല്ല ഇപ്പോള്‍. കളിയിലും ശൈലിയിലും അടിമുടി മാറിയിട്ടുണ്ട്. രാജസ്ഥാന്‍ നായകനെന്ന ഉത്തരവാദിത്തം സഞ്ജുവിലെ മികച്ച താരത്തെ വാര്‍ത്തെടുക്കുന്നതില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. സഞ്ജു ഉറപ്പായും ഇന്ത്യന്‍ ടീമില്‍ ഉണ്ടാകണമെന്ന് പറയാന്‍ ചില കാരണങ്ങളുണ്ട്.
നല്ലൊരു മധ്യനിര ബാറ്ററെ തേടുന്ന ഇന്ത്യക്ക് സഞ്ജുവിന്റെ ശൈലി ഗുണം ചെയ്യും. സ്പിന്നര്‍മാര്‍ക്കെതിരെ മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള താരമാണ് സഞ്ജു. മധ്യ ഓവറുകളില്‍ സ്പിന്നര്‍മാരെ കളിക്കാന്‍ സഞ്ജുവിനുള്ള കഴിവ് എടുത്തുപറയേണ്ടതാണ്. മധ്യഓവറുകളില്‍ സ്പിന്നര്‍മാര്‍ രംഗത്തിറങ്ങുമ്പോഴാണ് താരം ടോപ് ഗിയറിലേക്കു മാറുന്നത്. സ്പിന്നര്‍മാര്‍ക്കെതിരേയുള്ള ഈ 'അഴിഞ്ഞാട്ടത്തില്‍' സഞ്ജു വിജയിക്കുകയും ചെയ്തിട്ടുണ്ട്. ടൈമിങും കരുത്തും ഒത്തിണങ്ങിയ സഞ്ജുവിന്റെ ശൈലി ഇന്ത്യയുടെ മധ്യനിരയെ ശക്തിപ്പെടുത്തും. ഫിനിഷര്‍ റോളില്‍ തിളങ്ങാനും സഞ്ജുവിന് സാധിക്കും. ഹാര്‍ഡ് ഹിറ്റര്‍ എന്ന വിശേഷണത്തിനു നൂറ് ശതമാനം യോഗ്യനാണ് സഞ്ജു.
വിക്കറ്റിനു പിന്നില്‍ മികവ് പുലര്‍ത്തുന്ന താരം കൂടിയാണ് സഞ്ജു. സ്പിന്നര്‍മാര്‍ എറിയാന്‍ വരുമ്പോള്‍ കൃത്യമായ നിര്‍ദേശം നല്‍കി അവരെ കൊണ്ട് പന്തെറിയിപ്പിക്കാന്‍ സഞ്ജുവിന് സാധിക്കുന്നുണ്ട്. സ്പിന്നര്‍മാരുമായി സഞ്ജുവിനുള്ള സംവേദന മികവ് എടുത്തുപറയേണ്ടതാണ്. ഫീല്‍ഡിങ്ങിലും സഞ്ജു കേമന്‍ തന്നെ. ഈ ഘടകങ്ങളെല്ലാം ഒത്തുവന്ന താരമെന്ന നിലയില്‍ സഞ്ജു ഇന്ത്യന്‍ ടീമില്‍ ഒരു സ്ഥാനം ആവശ്യപ്പെടുന്നുണ്ട്.