ഐപിഎല്‍ 2024ലെ ഗുജറാത്തിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തോല്‍വി. പ്ലേ ഓഫ് ഉറപ്പിക്കാന്‍ അവസാനത്തെ 3 കളികളില്‍ രണ്ടെണ്ണത്തിലെങ്കിലും വിജയിക്കണമെന്ന സാഹചര്യത്തിലാണ് ഇന്നലെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഗുജറാത്തിനെതിരെ ഹോം ഗ്രൗണ്ടില്‍ കളിക്കാനിറങ്ങിയത്. എന്നാല്‍ ചെന്നൈയുടെ സകല പ്രതീക്ഷകളും തകര്‍ത്തുകൊണ്ട് ഗുജറാത്തിന്റെ ഓപ്പണിംഗ് ജോഡിയായ സായ് സുദര്‍ശനും ശുഭ്മാന്‍ ഗില്ലും സെഞ്ചുറികളോടെ തിളങ്ങി. ഓപ്പണിംഗ് വിക്കറ്റില്‍ 104 പന്തുകളില്‍ നിന്നും 210 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്.
സായ് സുദര്‍ശന്‍- ശുഭ്മാന്‍ ഗില്‍ സഖ്യത്തിന്റെ പ്രകടനത്തോടെ പല ഐപിഎല്‍ റെക്കോര്‍ഡുകളും തകര്‍ന്നെങ്കിലും ഐപിഎല്ലിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുക്കെട്ടെന്ന കോലി- എബിഡി സഖ്യത്തിന്റെ റെക്കോര്‍ഡ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അതേസമയം ഐപിഎല്ലിലെ ഏറ്റവും ഉയര്‍ന്ന ഓപ്പണിംഗ് കൂട്ടുക്കെട്ടെന്ന കെ എല്‍ രാഹുലിന്റെയും ക്വിന്റണ്‍ ഡികോക്കിന്റെയും റെക്കോര്‍ഡിനൊപ്പമെത്താന്‍ സായ്- ഗില്‍ സഖ്യത്തിനായി. 2022ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 210 റണ്‍സാണ് കെ എല്‍ രാഹുല്‍- ക്വിന്റണ്‍ ഡികോക്ക് സഖ്യം നേടിയത്.
ഓപ്പണിംഗ് കൂട്ടുക്കെട്ടിലെ റെക്കോര്‍ഡിനൊപ്പമെത്തിയെങ്കിലും ഐപിഎല്ലിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുക്കെട്ടെന്ന ആര്‍സിബി റെക്കോര്‍ഡ് തകര്‍ക്കാന്‍ സായ്- ഗില്‍ സഖ്യത്തിനായില്ല. 2016ല്‍ ഗുജറാത്ത് ലയണ്‍സിനെതിരെ കോലിയും ഡിവില്ലിയേഴ്‌സും ചേര്‍ന്ന് വെറും 97 പന്തില്‍ 229 റണ്‍സാണ് നേടിയത്. ആര്‍സിബിക്കായി ഈ സഖ്യം 102 പന്തില്‍ പുറത്താകാതെ നേടിയ 215 റണ്‍സ് നേട്ടമാണ് പട്ടികയില്‍ രണ്ടാമത്. ഗില്ലിന്റെയും സുദര്‍ശന്റെയും പ്രകടനമികവില്‍ ചെന്നൈയ്‌ക്കെതിരെ 231 റണ്‍സാണ് ഇന്നലെ ഗുജറാത്ത് അടിച്ചെടുത്തത്. 50 പന്തുകളിലാണ് ഇരുവരും തങ്ങളുടെ ശതകങ്ങള്‍ തികച്ചത്.