Rohit Sharma: 'ഇനി തുടരില്ല'; മുംബൈ ഫ്രാഞ്ചൈസിയെ അറിയിച്ച് രോഹിത്, അടുത്ത സീസണില്‍ ലേലത്തില്‍

രേണുക വേണു
വെള്ളി, 29 മാര്‍ച്ച് 2024 (09:30 IST)
Rohit Sharma: മുംബൈ ഇന്ത്യന്‍സില്‍ തുടരാന്‍ സന്നദ്ധനല്ലെന്ന് ടീം ഫ്രാഞ്ചൈസിയെ അറിയിച്ച് രോഹിത് ശര്‍മ. മുംബൈ ടീമില്‍ ഗ്രൂപ്പിസം ശക്തമാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് രോഹിത് ഫ്രാഞ്ചൈസി വിടുകയാണെന്ന സൂചനയും ലഭിക്കുന്നത്. അടുത്ത സീസണില്‍ രോഹിത് മുംബൈ ഇന്ത്യന്‍സിനായി കളിക്കില്ല. ലേലത്തില്‍ പോകാനാണ് താരത്തിന്റെ തീരുമാനം. ഇക്കാര്യം രോഹിത് ഫ്രാഞ്ചൈസിയെ അറിയിച്ചിട്ടുണ്ട്. 
 
മുംബൈ ടീമില്‍ വിഭാഗീയത രൂക്ഷമാണെന്ന് പ്രമുഖ ഹിന്ദി ദിനപത്രമായ ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ടീമിനുള്ളില്‍ രോഹിത് ക്യാംപ്, ഹാര്‍ദ്ദിക് ക്യാംപ് എന്നിങ്ങനെ രണ്ട് വിഭാഗമുണ്ടെന്നാണ് ദൈനിക് ജാഗരണിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ടീമിലെ സീനിയര്‍ താരങ്ങളായ പേസര്‍ ജസ്പ്രീത് ബുമ്ര, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ എന്നിവരാണ് മുംബൈ ഇന്ത്യന്‍സില്‍ രോഹിത് ശര്‍മയെ പിന്തുണയ്ക്കുന്നവരുടെ കൂട്ടത്തിലുള്ളത്. രോഹിത് ശര്‍മയ്ക്ക് ടീമിനകത്ത് പിന്തുണയുണ്ടെങ്കിലും ടീം മാനേജ്മെന്റിന്റെ പിന്തുണ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്കാണ്. രോഹിത് ശര്‍മയെ നായകസ്ഥാനത്ത് നിന്നും മാറ്റിയതിലും ടീമിനെ അവഗണിച്ച് ഗൂജറാത്തിലേക്ക് പോയ ഹാര്‍ദ്ദിക്കിനെ തിരിച്ചെത്തിച്ച് ക്യാപ്റ്റന്‍ സ്ഥാനം കൊടുത്തതിലും ടീമിലെ സീനിയര്‍ താരങ്ങളായ ബുംമ്രയ്ക്കും സൂര്യയ്ക്കും എതിര്‍പ്പുണ്ട്. ഇവരെ കൂടാതെ തിലക് വര്‍മ, ആകാശ് മധ്വാള്‍ എന്നിവരുടെ പിന്തുണയും രോഹിത്തിനുണ്ട്.
 
ഇന്ത്യന്‍ ടീമില്‍ രോഹിത്തിന്റെ അടുപ്പക്കാരനായിരുന്നെങ്കിലും കഴിഞ്ഞ ഏകദിന ലോകകപ്പോടെയാണ് ഇഷാന്‍ കിഷന്‍ ഹാര്‍ദ്ദിക് ക്യാമ്പിലേക്ക് മാറിയത്. ലോകകപ്പില്‍ തുടര്‍ച്ചയായി ബെഞ്ചില്‍ ഇരുത്തിയതിലും രഞ്ജി മത്സരങ്ങള്‍ കളിക്കാത്തതിന്റെ പേരില്‍ ബിസിസിഐ വാര്‍ഷിക കരാര്‍ റദ്ദാക്കിയതിലും രോഹിത്തിന് പങ്കുണ്ടെന്നാണ് ഇഷാന്‍ കിഷന്‍ കരുതുന്നത്. ഇതോടെയാണ് കിഷന്‍ ഹാര്‍ദ്ദിക്കിന്റെ വലംകൈയ്യായി മാറിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
 
കഴിഞ്ഞ സീസണില്‍ മികച്ച രീതിയില്‍ കളിച്ച ആകാശ് മധ്വാളിന് ഈ സീസണില്‍ ഇതുവരെയും മുംബൈ അവസരം നല്‍കിയിട്ടില്ല. ഇതില്‍ ഹാര്‍ദ്ദിക്കിന് പങ്കുണ്ടെന്ന് ആകാശ് മധ്വാള്‍ കരുതുന്നത്. ഇതാണ് യുവതാരത്തെ രോഹിത് ക്യാമ്പില്‍ എത്തിച്ചത്. അതേസമയം മുംബൈയുടെ മത്സരങ്ങളിലെല്ലാം രോഹിത് ശര്‍മയ്ക്കായി വലിയ മുറവിളിയാണ് ആരാധകര്‍ നടത്തുന്നത്. എന്നാല്‍ ടീം മാനേജ്മെന്റിന്റെ ഉറച്ച പിന്തുണ ഹാര്‍ദ്ദിക്കിനുണ്ട്. എങ്കിലും തുടര്‍ച്ചയായി മത്സരങ്ങള്‍ തോല്‍ക്കുകയാണെങ്കില്‍ അത് ഹാര്‍ദ്ദിക്കിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കും.
 

അനുബന്ധ വാര്‍ത്തകള്‍

Next Article