കഴിഞ്ഞ 10 വര്‍ഷക്കാലത്തിന് മുകളിലായി ഐപിഎല്ലിലെ ആദ്യ മത്സരത്തില്‍ തോറ്റുകൊണ്ടാണ് മുംബൈയുടെ തുടക്കമെങ്കിലും 2024 ഐപിഎല്ലിലെ ആദ്യ മത്സരത്തിലെ തോല്‍വി അല്പം വ്യത്യസ്തമാണ്. മത്സരത്തിന്റെ ഭൂരിഭാഗം സമയത്തും ആധിപത്യമുണ്ടായിട്ടും കളി കൈവിടുകയാണ് മുംബൈ ചെയ്തുള്ളു. ഗുജറാത്ത് ഉയര്‍ത്തിയ 169 റണ്‍സ് പിന്തുടര്‍ന്ന മുംബൈ 6 റണ്‍സകലെയാണ് തോല്‍വി സമ്മതിച്ചത്. മുംബൈയുടെ തോല്‍വിയില്‍ നായകനെന്ന നിലയില്‍ ഹാര്‍ദ്ദിക്കെടുത്ത പല തീരുമാനങ്ങളും കാരണമായെങ്കിലും മുംബൈയുടെ തോല്‍വിയുടെ ഉത്തരവാദിത്വം ഓപ്പണര്‍മാരുടെ മുകളിലാണ് ഹാര്‍ദ്ദിക് കെട്ടിവെച്ചത്.
ഗുജറാത്തിനെ ചെറിയ ടോട്ടലില്‍ ഒതുക്കാന്‍ സാധിച്ചെന്നും എന്നാല്‍ ചെയ്‌സ് ചെയ്യേണ്ടത് വലിയ സ്‌കോര്‍ അല്ല എന്നതിനാല്‍ മുംബൈയുടെ തുടക്കത്തിന്റെ വേഗത കുറഞ്ഞുപോയതായും മത്സരശേഷം ഹാര്‍ദ്ദിക് പറഞ്ഞു. ആദ്യ ആറ് ഓവറുകളില്‍ പ്രതീക്ഷിച്ച റണ്‍സ് ടീമില്‍ നിന്നും വന്നില്ല. അവിടെയാണ് മത്സരം നഷ്ടമായതെന്നാണ് ഹാര്‍ദ്ദിക് പ്രതികരിച്ചത്. ആദ്യ ഓവറുകളില്‍ രോഹിത് ശര്‍മ ക്രീസിലുണ്ടായിരുന്നു. 6 ഓവറുകളില്‍ 52 റണ്‍സാണ് ടീം സ്വന്തമാക്കിയത്.12 ഓവറില്‍ 107 റണ്‍സിന് 3 എന്ന ശക്തമായ നിലയില്‍ എത്തിയ ശേഷമായിരുന്നു മുംബൈ ഇന്ത്യന്‍സ് തകര്‍ന്നടിഞ്ഞത്. അതേസമയം ഒരു മത്സരം മാത്രമെ കഴിഞ്ഞിട്ടുള്ളുവെന്നും ഇനിയും 13 മത്സരങ്ങള്‍ ബാക്കിയുണ്ടെന്നും ഹാര്‍ദ്ദിക് മത്സരശേഷം പറഞ്ഞു.