ആരും എടുത്തില്ലെങ്കിൽ ഞങ്ങളെടുക്കുമെന്ന് ധോനിയുടെ വാക്ക്, ഐപിഎൽ ചരിത്രത്തിലെ ആദ്യ ഗോത്രവർഗക്കാരനായ ക്രിക്കറ്ററിന് കോടികൾ കിട്ടിയ കഥ ഇങ്ങനെ

വ്യാഴം, 21 ഡിസം‌ബര്‍ 2023 (17:57 IST)
ഐപിഎല്‍ മിനി താരലേലത്തില്‍ റാഞ്ചിയില്‍ നിന്നുള്ള 21 വയസ്സുകാരന്‍ പയ്യനായ റോബിന്‍ മിന്‍സിനെ 3.6 കോടി രൂപ മുടക്കി ഗുജറാത്ത് ടൈറ്റന്‍സ് റാഞ്ചിയപ്പോള്‍ ആരാധകരെല്ലാം അന്വേഷിച്ചത് ആരാണ് ഈ റാഞ്ചിക്കാരന്‍ എന്ന ചോദ്യമായിരുന്നു. ജാര്‍ഖണ്ഡും റാഞ്ചിയുമെല്ലാം ആദ്യമായി ക്രിക്കറ്റ് ഭൂപടത്തില്‍ ഇടം പിടിച്ചത് മഹേന്ദ്ര സിംഗ് ധോനിയെന്ന താരത്തിന്റെ വരവോട് കൂടിയാണ്. ഇപ്പോഴിതാ ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഗോത്രവിഭാഗത്തില്‍ നിന്നെത്തുന്ന ആദ്യതാരമെന്ന നേട്ടം റോബിന്‍ സ്വന്തമാക്കുമ്പോള്‍ അതില്‍ ധോനിയ്ക്കും വ്യക്തമായ പങ്കുണ്ട്.
 
ധോനിയുടെ ബാല്യകാല കോച്ചായ ചഞ്ചല്‍ ഭട്ടാചാര്യയുടെ ക്രിക്കറ്റ് അക്കാദമിയില്‍ നിന്നാണ് റോബിന്‍ എന്ന താരത്തിന്റെ വളര്‍ച്ച. ആദ്യ പന്ത് മുതല്‍ ആക്രമിച്ച് കളിക്കുന്ന ശൈലി റോബിനെ പെട്ടെന്ന് തന്നെ ശ്രദ്ധാകേന്ദ്രമാക്കി. റോബിന്റെ പിതാവായ ഫ്രാന്‍സിസ് ആര്‍മിയില്‍ നിന്നും വിരമിച്ച് സുരക്ഷാ ഉദ്യോഗസ്ഥനായി ജോലി ചെയ്തുവരികയാണ്. ധോനിയെ നേരത്തെ തന്നെ പരിചയമുള്ള ഫ്രാന്‍സിസിനെ വിമാനത്താവളത്തില്‍ വെച്ച് കണ്ട സമയത്ത് ധോനി നല്‍കിയ വാക്കായിരുന്നു റോബിനെ ഒരു ടീമും വേണ്ടിക്കാന്‍ തയ്യാറായില്ലെങ്കില്‍ ചെന്നൈ റോബിനായി മുന്നോട്ട് വരുമെന്നുള്ളത്.
 
താരലേലം തുടങ്ങിയതും റോബിനെ ബേസ് പ്രൈസിൽ വിളിച്ച് ചെന്നൈ റോബിന്‍ ഐപിഎല്ലില്‍ കളിക്കുമെന്ന കാര്യം ഉറപ്പുവരുത്തി. 1.20 കോടി രൂപ വരെ റോബിന് വേണ്ടി ചെന്നൈ ബിഡ് ചെയ്തു. തുടര്‍ന്ന് ഗുജറാത്തും മുംബൈയും തമ്മിലായിരുന്നു താരത്തിനായുള്ള വിളി. 2.80 കോടി രൂപയായി പ്രതിഫലം ഉയര്‍ന്നതോടെ സണ്‍റൈസേഴ്‌സും രംഗത്തെത്തി. ഒടുവില്‍ 3.6 കോടി രൂപയ്ക്ക് ഗുജറാത്ത് ടൈറ്റന്‍സ് താരത്തെ സ്വന്തമാക്കുകയായിരുന്നു. റാഞ്ചിയുടെ ക്രിസ് ഗെയ്ല്‍ എന്ന് വിളിപ്പേരുള്ള ഇടം കയ്യന്‍ താരം ഐപിഎല്ലില്‍ എന്ത് മാജിക്കാണ് കരുതിവെച്ചിരിക്കുന്നതെന്ന് വരും ദിവസങ്ങളില്‍ കാണാം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍