സണ്‍റൈസേഴ്‌സ് ഹൈദരബാദിനെതിരായ മത്സരത്തിലെ തോല്‍വിക്ക് പിന്നാലെ മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യയെ രൂക്ഷമായി വിമര്‍ശിച്ച് ആരാധകര്‍. ഹാര്‍ദിക് തന്നെയാണ് ഈ മത്സരം തോല്‍ക്കാന്‍ കാരണമെന്നാണ് ആരാധകരുടെ വിമര്‍ശനം. വീണ്ടും രോഹിത്തിനെ നായകനാക്കാന്‍ മാനേജ്‌മെന്റിനു ഇനിയും സമയമുണ്ടെന്നും ഹാര്‍ദിക്കിനെ വിശ്വസിച്ചു മുന്നോട്ടു പോയാല്‍ ഈ സീസണില്‍ തകര്‍ന്നടിയുമെന്നും ആരാധകര്‍ പറയുന്നു.
ആദ്യം ബാറ്റ് ചെയ്ത ഹൈദരബാദ് നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സ് നേടിയപ്പോള്‍ മുംബൈയ്ക്ക് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. ഹൈദരബാദിന്റെ വമ്പന്‍ സ്‌കോറിനു മുന്നില്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുകയായിരുന്നു മുംബൈ. രോഹിത് ശര്‍മ (12 പന്തില്‍ 26), ഇഷാന്‍ കിഷന്‍ (13 പന്തില്‍ 34) എന്നിവര്‍ ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. തിലക് വര്‍മ 34 പന്തില്‍ ആറ് സിക്സും രണ്ട് ഫോറും സഹിതം 64 റണ്‍സ് നേടി ടോപ് സ്‌കോററായി. നമാന്‍ ദിര്‍ 14 പന്തില്‍ 30 റണ്‍സും ടിം ഡേവിഡ് 22 പന്തില്‍ പുറത്താകാതെ 42 റണ്‍സും നേടി. ഹാര്‍ദിക് പാണ്ഡ്യയുടെ മെല്ലെപ്പോക്ക് (20 പന്തില്‍ 24) മുംബൈയ്ക്ക് തിരിച്ചടിയായി. കൂറ്റന്‍ സ്‌കോര്‍ പിന്തുടരുമ്പോള്‍ കാണിക്കേണ്ട പോരാട്ടവീര്യം നായകനായിട്ടു കൂടി പാണ്ഡ്യയില്‍ നിന്ന് ഉണ്ടായില്ലെന്നാണ് ആരാധകര്‍ പറയുന്നത്.
12 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ മുംബൈ 165-3 എന്ന നിലയിലായിരുന്നു. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ 13-ാം ഓവറില്‍ മുംബൈ വിജയത്തില്‍ നിന്ന് അകന്നു തുടങ്ങി. ഹാര്‍ദിക് പാണ്ഡ്യയാണ് ഈ ഓവറിലെ അഞ്ച് പന്തുകള്‍ നേരിട്ടത്. അഞ്ച് പന്തില്‍ നിന്ന് നേടിയത് നാല് റണ്‍സ് മാത്രം. ഒരു ബൗണ്ടറി പോലും ഈ ഓവറില്‍ വന്നിട്ടില്ല. മുംബൈ നിരയില്‍ ബാറ്റ് ചെയ്ത എല്ലാവരും 180 ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റിലാണ് റണ്‍സ് അടിച്ചുകൂട്ടിയത്. എന്നാല്‍ ഹാര്‍ദിക്കിന്റെ സ്‌ട്രൈക്ക് റേറ്റ് വെറും 120 മാത്രം ! 20 പന്തുകള്‍ നേരിട്ട ഹാര്‍ദിക്കിന്റെ ബാറ്റില്‍ നിന്ന് പിറന്നത് ഒരു ഫോറും ഒരു സിക്‌സും മാത്രം ! ഇതെല്ലാമാണ് മുംബൈയുടെ തോല്‍വിയില്‍ നിര്‍ണായകമായത്. ബൗളിങ്ങിലും ഹാര്‍ദിക് പരാജയമായിരുന്നു. നാല് ഓവരില്‍ 46 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് മാത്രമാണ് വീഴ്ത്തിയത്.