Mumbai Indians: ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ മുംബൈയ്ക്ക് തുടര്‍ച്ചയായ രണ്ടാം തോല്‍വി !

രേണുക വേണു

വ്യാഴം, 28 മാര്‍ച്ച് 2024 (08:36 IST)
Mumbai Indians

Mumbai Indians: തുടര്‍ച്ചയായ രണ്ടാം തോല്‍വി വഴങ്ങി മുംബൈ ഇന്ത്യന്‍സ്. ഹൈദരബാദ് രാജീവ് ഗാന്ധി സ്‌റ്റേഡിയത്തില്‍ നടന്ന സണ്‍റൈസേഴ്‌സ് ഹൈദരബാദിനെതിരായ മത്സരത്തില്‍ 31 റണ്‍സിനാണ് മുംബൈയുടെ തോല്‍വി. രണ്ട് ഇന്നിങ്‌സുകളിലുമായ 523 റണ്‍സാണ് ഹൈദരബാദില്‍ പിറന്നത്. ട്വന്റി 20 ഫോര്‍മാറ്റിലെ റെക്കോര്‍ഡാണിത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരബാദ് നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സ് നേടിയപ്പോള്‍ മുംബൈയ്ക്ക് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. ഹൈദരബാദ് താരം അഭിഷേക് ശര്‍മയാണ് കളിയിലെ താരം. 
 
ഹൈദരബാദിനു വേണ്ടി ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, ഹെയ്ന്‍ റിച്ച് ക്ലാസന്‍ എന്നിവര്‍ അര്‍ധ സെഞ്ചുറി നേടി. ഹെഡാണ് വെടിക്കെട്ടിനു തിരി കൊളുത്തിയത്. വെറും 24 പന്തില്‍ ഒന്‍പത് ഫോറും മൂന്ന് സിക്‌സും സഹിതം 62 റണ്‍സ്. യുവതാരം അഭിഷേക് ശര്‍മ 23 പന്തില്‍ ഏഴ് സിക്‌സും മൂന്ന് ഫോറും സഹിതം 63 റണ്‍സ് നേടി. ക്ലാസന്റെ വെടിക്കെട്ട് ഇന്നിങ്‌സ് സണ്‍റൈസേഴ്‌സിന്റെ സ്‌കോര്‍ 250 കടത്തി. ഏഴ് സിക്‌സും നാല് ഫോറും സഹിതം 34 പന്തില്‍ 80 റണ്‍സുമായി ക്ലാസന്‍ പുറത്താകാതെ നിന്നു. ഏദന്‍ മാര്‍ക്രം 28 പന്തില്‍ പുറത്താകാതെ 42 റണ്‍സ് നേടി. 
 
മറുപടി ബാറ്റിങ്ങില്‍ മുംബൈയും തകര്‍ത്തടിച്ചു. രോഹിത് ശര്‍മ (12 പന്തില്‍ 26), ഇഷാന്‍ കിഷന്‍ (13 പന്തില്‍ 34) എന്നിവര്‍ ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. തിലക് വര്‍മ 34 പന്തില്‍ ആറ് സിക്‌സും രണ്ട് ഫോറും സഹിതം 64 റണ്‍സ് നേടി ടോപ് സ്‌കോററായി. നമാന്‍ ദിര്‍ 14 പന്തില്‍ 30 റണ്‍സും ടിം ഡേവിഡ് 22 പന്തില്‍ പുറത്താകാതെ 42 റണ്‍സും നേടി. ഹാര്‍ദിക് പാണ്ഡ്യയുടെ മെല്ലെപ്പോക്ക് (20 പന്തില്‍ 24) മുംബൈയ്ക്ക് തിരിച്ചടിയായി. 
 
രണ്ട് കളികള്‍ പൂര്‍ത്തിയായപ്പോള്‍ രണ്ടിലും തോറ്റ് മുംബൈ ഇപ്പോള്‍ ഒന്‍പതാം സ്ഥാനത്താണ്. ആദ്യ മത്സരത്തില്‍ ഗുജറാത്തിനോടും മുംബൈ തോല്‍വി വഴങ്ങിയിരുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍