DK: തനിക്ക് ശേഷം പ്രളയമാണെന്നാണോ കാര്‍ത്തിക്കിന്റെയുള്ളില്‍, ആ സിംഗിള്‍ എടുത്തിരുന്നെങ്കില്‍, താരത്തിനെതിരെ ആരാധകര്‍

അഭിറാം മനോഹർ

തിങ്കള്‍, 22 ഏപ്രില്‍ 2024 (15:46 IST)
ഐപിഎല്ലില്‍ കൊല്‍ക്കത്തക്കെതിരെ നടന്ന ആവേശകരമായ മത്സരത്തില്‍ ഒരു റണ്‍സിന് തോറ്റ് ആര്‍സിബി. വില്‍ ജാക്‌സ് പുറത്തയതിന് ശേഷം പിന്നാലെയെത്തിയവരെല്ലാം മെല്ലെപ്പോക്ക് തുടര്‍ന്നെങ്കിലും ദിനേഷ് കാര്‍ത്തിക് ക്രീസില്‍ നില്‍ക്കുന്നത് വരെ മത്സരത്തില്‍ ആര്‍സിബിക്ക് വിജയപ്രതീക്ഷയുണ്ടായിരുന്നു. അവസാന രണ്ടോവറില്‍ 31 റണ്‍സായിരുന്നു വിജയിക്കാനായി ആര്‍സിബിക്ക് വേണ്ടിയിരുന്നത്. ദിനേഷ് കാര്‍ത്തിക് ക്രീസില്‍ നില്‍ക്കുന്നതിനാല്‍ ആര്‍സിബി അനായാസകരമായി വിജയിക്കുമെന്നാണ് കരുതിയത്.
 
എന്നാല്‍ റസല്‍ എറിഞ്ഞ ആദ്യ പന്തുകള്‍ ഡോട്ട് ബോളുകളായി. റണ്‍സെടുക്കാന്‍ അവസരമുണ്ടായിട്ടും കരണ്‍ ശര്‍മയ്ക്ക് സിംഗിള്‍ കാര്‍ത്തിക് നിരസിക്കുകയായിരുന്നു. മൂന്നാം പന്തില്‍ സിക്‌സടിച്ചുവെങ്കിലും നാലാം പന്തിലും റണ്‍സ് വന്നില്ല. അഞ്ചാം പന്തില്‍ ബൗണ്ടറി പായിച്ചെങ്കിലും അടുത്ത പന്തില്‍ കാര്‍ത്തിക് പുറത്തായി. ഇതോടെ അവസാന ഓവറില്‍ ആര്‍സിബിയുടെ വിജയലക്ഷ്യം 21 ആയി. അവസാന ഓവര്‍ എറിയാനെത്തിയ സ്റ്റാര്‍ക്കിന്റെ ആദ്യ നാല് പന്തില്‍ 3 സിക്‌സുകളാണ് കരണ്‍ ശര്‍മ നേടിയത്. അവസാന 2 പന്തില്‍ വിജയിക്കാന്‍ 3 റണ്‍സ് എന്ന നിലയില്‍ നില്‍ക്കെ അഞ്ചാം പന്തില്‍ കരണ്‍ ശര്‍മ നിര്‍ഭാഗ്യകരമായി പുറത്തായി. അവസാന പന്തില്‍ രണ്ടാം റണ്‍സിനായുള്ള ഓട്ടത്തിനിടയില്‍ ഫെര്‍ഗൂസനും പുറത്തായതോടെയാണ് മത്സരത്തില്‍ ആര്‍സിബി പരാജയപ്പെട്ടത്.
 
ഇതോടെ പത്തൊമ്പതാം ഓവറില്‍ ദിനേഷ് കാര്‍ത്തിക് പാഴാക്കിയ മൂന്ന് ഡോട്ട് ബോളുകളാണ് മത്സരം ആര്‍സിബി കൈവിടാന്‍ കാരണമായതെന്ന വിമര്‍ശനങ്ങളുമായി ആരാധകര്‍ രംഗത്തുവന്നു. തനിക്ക് ശേഷം ഇറങ്ങുന്നവര്‍ക്കാര്‍ക്കും ബാറ്റ് ചെയ്യാനാവില്ലെന്ന ദിനേഷ് കാര്‍ത്തിക്കിന്റെ അഹങ്കാരമാണ് മത്സരം കൈവിടാന്‍ കാരണമായതെന്നും ദിനേഷ് കാര്‍ത്തിക്കില്‍ നിന്നും പലപ്പോഴും ഇത്തരം പെരുമാറ്റം ഉണ്ടായിട്ടുണ്ടെന്നും വിമര്‍ശകര്‍ പറയുന്നു

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍