ധോണിയെ പേടിപ്പിച്ചത് കോലിയല്ല ! അത് മറ്റൊരു ആര്‍സിബി താരം

ശനി, 25 സെപ്‌റ്റംബര്‍ 2021 (08:34 IST)
വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ച് ഐപിഎല്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് മഹേന്ദ്രസിങ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സ്. മികച്ച തുടക്കം ലഭിച്ചിട്ടും വിജയം നേടാന്‍ സാധിക്കാത്തതിന്റെ നിരാശയിലാണ് കോലിപ്പട. ഓപ്പണര്‍മാരായ വിരാട് കോലിയും ദേവ്ദത്ത് പടിക്കലും തുടക്കത്തില്‍ തകര്‍ത്തടിച്ചു. ഒരു സമയത്ത് വിക്കറ്റ് നഷ്ടമില്ലാതെ ആര്‍സിബി നൂറ് കടന്നു. എന്നാല്‍, പിന്നീട് കാര്യങ്ങള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ വരുതിയിലായി. മിഡില്‍ ഓവറുകളിലും ഡെത്ത് ഓവറുകളിലും ചെന്നൈ ആര്‍സിബിയെ പൂട്ടി. 
 
ആര്‍സിബിയുടെ തുടക്കം തങ്ങളെ ചെറിയ രീതിയില്‍ പേടിപ്പിച്ചു എന്നാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ ധോണി മത്സരശേഷം പറഞ്ഞത്. വിരാട് കോലി 41 പന്തില്‍ ആറ് ഫോറും ഒരു സിക്‌സുമായി 53 റണ്‍സും ദേവ്ദത്ത് പടിക്കല്‍ 50 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്‌സുമായി 70 റണ്‍സും നേടിയാണ് പുറത്തായത്. കോലിയുടെ വിക്കറ്റ് നഷ്ടമായ ശേഷവും ഒരറ്റത്ത് നിന്ന് ദേവ്ദത്ത് പടിക്കല്‍ ബാറ്റ് ചെയ്തിരുന്ന രീതി അല്‍പ്പം വെല്ലുവിളിയായിരുന്നു എന്ന് ധോണി പറയുന്നു. ജഡേജയുടെ ഓവര്‍ വളരെ നിര്‍ണായകമായെന്നും മിഡില്‍ ഓവര്‍ മുതല്‍ ബ്രോവോയെ എറിയിപ്പിച്ചത് ഗുണം ചെയ്‌തെന്നും ധോണി പറഞ്ഞു. ഒന്‍പത് ഓവര്‍ കഴിഞ്ഞപ്പോള്‍ പിച്ച് വളരെ വേഗം കുറഞ്ഞെന്നും അതാണ് ആര്‍സിബിയുടെ സ്‌കോര്‍ അതിവേഗം ഉയരാതിരിക്കാന്‍ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍