14 വർഷങ്ങൾക്ക് മുൻപ് ഇതേ ദിവസം, മറക്കാനാവുമോ ഇന്ത്യയുടെ കിരീടനേട്ടം

വെള്ളി, 24 സെപ്‌റ്റംബര്‍ 2021 (16:49 IST)
ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ഒരിക്കലും മറക്കാൻ ആഗ്രഹിക്കാത്ത ഒരു ദിവസം പിറന്നിട്ട് ഇന്നേയ്ക്ക് 14 വർഷം. പതിനാല് വർഷങ്ങൾക്ക് മുൻപ് ഇതേദിവസത്തിൽ മഹേന്ദ്രസിങ് ധോണിയുടെ സംഘം ദക്ഷിണാഫ്രിക്കയിലെ ജൊഹാന്നസ് ബർഗിൽ കിരീടം നേടുമ്പോൾ ഇന്ത്യയുടെ 24 വർഷങ്ങളായുള്ള ലോകകപ്പ് സ്വപ്‌നങ്ങൾക്കാണ് അറുതിയായത്.
 
ഫൈനലിൽ ഇന്ത്യയുടെ ചിരവൈരികളായ പാകിസ്ഥാനായിരുന്നു ഇന്ത്യയുടെ എതിരാളികൾ. ലോകകപ്പ് ഫൈനൽ ചരിത്രത്തിന് മുൻപ് 2007 ലോകകപ്പിലേക്കുള്ള ഇന്ത്യൻ സംഘത്തിന്റെ വരവും എടുത്തുപറയേണ്ടതാണ്. 2003ലെ ലോകകപ്പ് ഫൈനൽ തോൽവിക്ക് പകരം വീട്ടാൻ ഇന്ത്യൻ സീനിയർ താരങ്ങൾക്കാവും എന്ന സ്വപ്‌നങ്ങൾ 2007ൽ പൊലിഞ്ഞതോടെ വലിയ നാണക്കേടിലേയ്ക്കാണ് ഇന്ത്യ കൂപ്പുകുത്തിയത്.
 

Flashback to the T20 World Cup 2007, Misbah blistering innings with one wrong shot of scoop. How many of you have seen this nail biting final Live back in 2007?
 

2007 ലോകകപ്പിന്റെ ആദ്യ റൗണ്ടിൽ ടീം പുറത്തായതോടെ സീനിയർ താരങ്ങളെല്ലാം തന്നെ കുട്ടി ക്രിക്കറ്റിന്റെ ലോകകപ്പിൽ നിന്നും മാറിനിൽക്കാൻ തീരുമാനിച്ചതോടെ താരതമ്യേന പുതുമുഖങ്ങളെയും കൊണ്ടാണ് ഇന്ത്യ ലോകകപ്പിനിറങ്ങിയത്. നായകനായി എത്തിയത് മഹേന്ദ്രസിങ് ധോണിയും.
 
ആരും സാധ്യതകൾ കൽപിക്കാതിരുന്ന ടീം ഫൈനലിലേക്ക് പ്രവേശിച്ചതും ഫൈനലിൽ ചിരവൈരികളായ പാകിസ്ഥാനാണ് എന്നതും ക്രിക്കറ്റ് ആരാധകരുടെ ആവേശം ഇരട്ടിയാക്കി. ഫൈനൽ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ ഗംഭീറിന്റെ 75 റൺസും രോഹിത് ശർമയുടെ 30 റൺസിന്റെയും ബലത്തിൽ 157 റൺസാണ് നേടിയത്.
 
മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്റെ വിക്കറ്റുകൾ കൃത്യമായ ഇടവേളകളിൽ വീണെങ്കിലും മിസ്ബാ ഉല്‍ ഹഖ് പാറപോലെ ഉറച്ചുനിന്നു. ഹര്‍ഭജന്‍ സിങ്ങിനെ മൂന്നു തവണ സിക്‌സർ പറത്തി പാകിസ്ഥാന് വിജയപ്രതീക്ഷ നൽകുകയും ചെയ്‌തു. അവസാന ഓവറിൽ ഒടുവിൽ വിജയിക്കാൻ വേണ്ടത് 13 റൺസ് ആയിരുന്നു. എന്നാൽ 9 വിക്കറ്റുകളും പാകിസ്ഥാന് നഷ്ടമായിരുന്നു.
 
അവസാന ഓവർ എന്ന നിർണായക ദൗത്യം ധോണി ഏൽപ്പിച്ചത് ടീമിലെ പുതുമുഖമായ പേസർ ജോഗിന്ദർ ശർമയെ.ജോഗീന്ദറിന്റെ രണ്ടാം പന്ത് മിസ്ബാഹുല്‍ ഹഖ് സിക്‌സറിലേക്ക് എത്തിച്ചു. എന്നാൽ ഏവരെയും അത്ഭുതപ്പെടുത്തിയ ഫീൽഡ് പ്ലേസ്‌മെന്റിനായിരുന്നു പിന്നീട് ആരാധകർ സാക്ഷിയായത്. മൂന്നാം പന്തിൽ സ്കൂപ് ഷോട്ടിന് മിസ്‌ബാ ശ്രമിച്ചപ്പോൾ മിസ്‌ബക്ക് പിഴച്ചു. പന്ത് ശ്രീശാന്തിന്റെ കൈക്കുള്ളില്‍ സുരക്ഷിതം. മിസ്ബ ക്രീസില്‍ നിരാശയോടെ മുട്ടുകുത്തി ഇരുന്നപ്പോള്‍ ഇന്ത്യൻ ടീം ഒന്നാകെ ഇരമ്പിയാർത്തു.
 
24 വർഷത്തിന്റെ കാത്തിരിപ്പിനൊടുവിൽ ഐസിസി കിരീടം നേടിയ ധോനിയുടെ സംഘം പുതുചരിത്രം കുറിച്ചു. പിന്നീട് 2011ൽ ഏകദിന ലോകകപ്പും 2013ൽ ചാമ്പ്യൻസ് ട്രോഫിയും ഇന്ത്യയ്ക്ക് സ്വന്തമാക്കാനായെങ്കിലും വീണ്ടുമൊരു ടി20 കിരീടം ഇന്ത്യയ്ക്ക് അന്യം നിന്നു. അടുത്തമാസം ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങൾക്ക് തുടക്കമാവുമ്പോൾ അന്നത്തെ ഇന്ത്യയുടെ അമരക്കാരൻ ഇന്ന് ഇന്ത്യയുടെ ത‌ന്ത്രജ്ഞൻ എന്ന പുതിയ റോളിലാണ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍