രവീന്ദ്ര ജഡേജയെ ചെന്നൈ സൂപ്പര്‍ കിങ്‌സ് നിലനിര്‍ത്തില്ല; ലേലത്തില്‍ സ്വന്തമാക്കാന്‍ ശ്രമിക്കും

രേണുക വേണു

ചൊവ്വ, 20 ഓഗസ്റ്റ് 2024 (10:47 IST)
മഹേന്ദ്രസിങ് ധോണിയും സുരേഷ് റെയ്‌നയും കഴിഞ്ഞാല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഫ്രാഞ്ചൈസിയുടെ ഏറ്റവും പ്രധാനപ്പെട്ട താരമാണ് രവീന്ദ്ര ജഡേജ. ധോണിക്കു ശേഷം ജഡേജയെ ക്യാപ്റ്റനാക്കി കൊണ്ട് ചെന്നൈ അത് തെളിയിച്ചതുമാണ്. എന്നാല്‍ 2025 ഐപിഎല്‍ സീസണിലേക്കു എത്തുമ്പോള്‍ ജഡേജയെ നിലനിര്‍ത്തില്ലെന്ന തീരുമാനത്തിലാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. മെഗാ താരലേലം നടക്കാനിരിക്കെ ജഡേജയെ ചെന്നൈ റിലീസ് ചെയ്യും. 
 
സമീപകാലത്തെ മോശം പ്രകടനങ്ങള്‍ കൂടി പരിഗണിച്ചാണ് ജഡേജയെ റിലീസ് ചെയ്യാനുള്ള തീരുമാനത്തിലേക്ക് ചെന്നൈ എത്തിയത്. അതേസമയം മെഗാ താരലേലത്തില്‍ ജഡേജയെ സ്വന്തമാക്കുകയാണ് ചെന്നൈ ലക്ഷ്യമിടുന്നത്. താരത്തെ നിലനിര്‍ത്തണമെങ്കില്‍ വലിയ തുക ചെലവഴിക്കേണ്ടി വരും. എന്നാല്‍ ലേലത്തില്‍ വിട്ടാല്‍ ചെറിയ തുകയ്ക്കു സ്വന്തമാക്കാന്‍ സാധിക്കുമെന്നാണ് ഫ്രാഞ്ചൈസിയുടെ വിലയിരുത്തല്‍. 
 
കഴിഞ്ഞ സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന് 142.78 സ്‌ട്രൈക് റേറ്റില്‍ 267 റണ്‍സ് മാത്രമാണ് ജഡേജയ്ക്ക് നേടാന്‍ സാധിച്ചത്. ബൗളിങ്ങില്‍ 14 മത്സരങ്ങളില്‍ നിന്ന് എട്ട് വിക്കറ്റും. ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ കഴിഞ്ഞ സീസണില്‍ ജഡേജയുടേത് ശരാശരി പ്രകടനം മാത്രമാണ്. 36 കാരനായ ജഡേജയ്ക്ക് ഇനി ട്വന്റി 20 യില്‍ പഴയതുപോലെ ശോഭിക്കാന്‍ സാധിക്കുമോ എന്ന സംശയവും ഫ്രാഞ്ചൈസിക്കുണ്ട്. മുതിര്‍ന്ന താരമായ അജിങ്ക്യ രഹാനെയേയും ചെന്നൈ ഇത്തവണ റിലീസ് ചെയ്യും. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍